മലപ്പുറം: രണ്ടാം പിണറായി സർക്കാറിെൻറ രണ്ടാം ബജറ്റിലും പതിവുപോലെ ജില്ലക്ക് നിരാശ. കാര്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലങ്ങളും ജനസംഖ്യയുമുള്ള ജില്ലക്ക് പ്രാതിനിധ്യത്തിന് അനുസൃതമായി അവഗണനയാണ് പതിവായി ലഭിക്കാറുള്ളത്. നാമമാത്രമായ പദ്ധതികളും കണ്ണിൽപൊടിയിടാൻ ചില പ്രഖ്യാപനങ്ങളുമാണ് മിക്ക ബജറ്റുകളിലുമുണ്ടാവാറുള്ളത്. ഇത്തവണയും നിരാശ തന്നെയാണ് ബജറ്റ് സമ്മാനിക്കുന്നത്. 16 എം.എൽ.എമാരുള്ള ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും നിരവധി പദ്ധതികളുടെ പ്രൊപ്പോസലുകൾ നൽകിയിരുന്നു. അവയിൽ പ്രധാനപ്പെട്ടവ പോലും പരിഗണിക്കപ്പെട്ടില്ല.
വന്യജീവി ശല്യംകൊണ്ട് പൊറുതി മുട്ടിയ മലയോര വാസികളുടെ പ്രശ്ന പരിഹാരത്തിന് സംസ്ഥാനത്തൊട്ടാകെ അനുവദിച്ചത് 25 കോടി രൂപയാണ്. സോളാർ വേലി, മതിൽ നിർമാണം തുടങ്ങിയ ചെലവേറിയ പദ്ധതികൾ ആവശ്യമായ മേഖലക്ക് ഇത് നാമമാത്രമായ തുകയാണ്. സർക്കാറിെൻറ സാമ്പത്തിക പരാധീനതകൾ കാരണം അനുമതി തേടിയ പദ്ധതികൾക്കൊന്നും അംഗീകാരം കിട്ടാൻ സാധ്യതയില്ലെന്ന് ബജറ്റിന് മുന്നോടിയായി എം.എൽ.എമാർ തന്നെ പറഞ്ഞിരുന്നു. സമർപ്പിച്ച പദ്ധതികളിൽ ആകെ രണ്ടെണ്ണത്തിന് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം മാത്രമാണ് അനുവദിച്ചതെന്ന് ഭരണപക്ഷ എം.എൽ.എമാർ ആരോപിച്ചു.
ജില്ല പ്രതീക്ഷിച്ച പല പദ്ധതികൾക്കും നീക്കിയിരിപ്പുണ്ടായില്ല. വൻകിട പദ്ധതികളൊന്നും ലഭിച്ചില്ല. മുൻ ബജറ്റുകളിൽ പരാമർശിച്ച പദ്ധതികളിൽ പലതും കടലാസിൽ തന്നെയാണ് ഇപ്പോഴും. ചിലത് ടോക്കൺ തുകയിൽ ഒതുങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വിരലിലെണ്ണാവുന്ന പ്രാതിനിധ്യമാണ് ഇത്തവണയും ലഭിച്ചത്.
കിട്ടിയത്
മങ്കട മൂർക്കനാട് 32.72 കോടി രൂപ ചെലവിൽ പാൽപ്പൊടി ഉൽപാദന കേന്ദ്രം
കാലിക്കറ്റ് സർവകലാശാലയിൽ ട്രാൻസ്ലേഷനൽ റിസർച് സെന്ററിന് 20 കോടി, ഇതിനോടൊപ്പം സ്റ്റാർട്ടപ്പും ഇൻകുബേഷൻ സെന്ററും
സർവകലാശാലയിൽ പുതിയ ഹോസ്റ്റൽ മുറികൾ
പൊന്നാനി തുറമുഖത്ത് സുസ്ഥിര ചരക്ക് നീക്കത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും തുക
മഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഒരു കോടി
തിരൂർ തുഞ്ചൻ പറമ്പ് ഗവേഷണ കേന്ദ്രത്തിന് ഒരു കോടി
മലപ്പുറം എം.എസ്.പി സ്വീവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് 40 ലക്ഷം
തുഞ്ചൻ സ്മാരക ഗവേഷണ കേന്ദ്രത്തിന് ഒരു കോടി
മലയാള സർവകലാശാല ആസ്ഥാന മന്ദിരം
തിരൂർ റെയിൽവേ സ്റ്റേഷൻ - ജില്ല ആശുപത്രി റോഡ്
എൻജിനീയറിങ് കോളജ്, പോളിടെക്നിക്, ഐ.ടി.ഐ, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവയോട് ചേര്‍ന്ന് തൊഴില്‍ സംരംഭക കേന്ദ്രങ്ങള്‍
ജില്ലയിൽ സ്കില്‍ പാർക്ക് ആരംഭിക്കും. ഇതിനായി 10 - 15 ഏക്കര്‍ ഏറ്റെടുക്കും.
നേട്ടമായി പാൽപ്പൊടി ഉൽപാദന കേന്ദ്രം
മങ്കട മണ്ഡലത്തിലെ മൂർക്കനാട് മിൽമയുടെ പാൽപ്പൊടി ഉൽപാദന കേന്ദ്രം നിർമിക്കാൻ തുക വകയിരുത്തിയതാണ് ജില്ലക്ക് ലഭിച്ച പ്രധാന പരിഗണന. 12.4 ഏക്കറില്‍ മൂര്‍ക്കനാട് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മില്‍മ ഡെയറി പ്ലാന്റിനോടു ചേര്‍ന്ന് 53.93 കോടി രൂപ ചെലവിലാണ് നൂതന രീതിയിലുള്ള ഫാക്ടറി വരുന്നത്. സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 15.50 കോടി രൂപ, നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ ധനസഹായമായി 32.72 കോടി രൂപ (ഇപ്പോൾ ബജറ്റിൽ അനുവദിച്ചത്), മലബാര്‍ മില്‍മയുടെ വിഹിതമായി 5.71 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. മലബാര്‍ മേഖല യൂനിയെൻറ കീഴില്‍ ഫാക്ടറി നിലവില്‍ വരുന്നതോടെ മിച്ചം വരുന്ന പാല്‍ പൊടിയാക്കുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല.
കാലിക്കറ്റ് വാഴ്സിറ്റിയിൽ ഗവേഷണ കേന്ദ്രം
സർവകലാശാലയിൽ ട്രാൻസ്ലേഷനൽ റിസർച് സെന്ററുകൾ വികസിപ്പിക്കുന്നതിനും ഇതിനോട് അനുബന്ധിച്ച് സ്റ്റാർട്ട് അപ് ഇൻകുബേഷൻ സെന്ററുകൾ സജ്ജമാക്കാൻ 20 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ സർവകലാശാലയിൽ ഇൻകുബേഷൻ സെന്ററും സ്റ്റാർട്ട് അപ്പുകളും വരുന്നത് വിദ്യാർഥികൾക്ക് ഗുണം ചെയ്യും. വിദ്യാർഥികൾ കൊണ്ടുവരുന്ന നൂതന ആശയങ്ങളെ പുതിയ ഉൽപന്നങ്ങളായോ സേവനങ്ങളായോ മാറ്റി എടുക്കുന്നതിന് ഇൻകുബേഷൻ സെന്‍ററുകൾ സഹായകമാവും. നൂതനമായ കോഴ്‌സുകളും സർവകലാശാല ആരംഭിച്ചിട്ടുണ്ട്.
പുതിയ കോഴ്‌സുകൾ തുടങ്ങുന്നതോടെ വിദ്യാർഥികൾക്ക് താമസിക്കാൻ സൗകര്യങ്ങൾ ഒരുക്കണം. ഇതിന് പരിഹാരമാകുന്നതാണ് പുതിയ ഹോസ്റ്റൽ മുറികൾ നിർമിക്കുന്നതിന് കാലിക്കറ്റിനെ കൂടി പരിഗണിക്കുമെന്ന നിർദേശം.
ബജറ്റ്: മലപ്പുറത്തിന് 'ടോക്കൺ' മാത്രം
മലപ്പുറം: രണ്ടാം എൽ.ഡി.എഫ് സംസ്ഥാന സർക്കാറിെൻറ ആദ്യ സമ്പൂർണ ബജറ്റിൽ വൻകിട പദ്ധതികളോ നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണത്തിനോ തുക വകയിരുത്തിയില്ല. ആവശ്യപ്പെട്ടതിൽ രണ്ട് പ്രവൃത്തികൾക്ക് മാത്രമാണ് തുക വകയിരുത്തിയിട്ടുള്ളത്. ബാക്കിയുള്ള പ്രവൃത്തികൾക്ക് എല്ലാം ടോക്കൺ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മലപ്പുറം എം.എസ്.പി സ്വീവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മൊറയൂർ - അരിമ്പ്ര - പൂക്കോട്ടൂർ റോഡ് എന്നിവക്ക് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുകയാണ് വകയിരുത്തിയത്. ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് 40 ലക്ഷവും അരിമ്പ്ര റോഡിന് ഒരു കോടിയുമാണ് അനുവദിച്ചത്. രണ്ട് പദ്ധതികളുടെയും എസ്റ്റിമേറ്റ് തുക യഥാക്രമം രണ്ട് കോടി, അഞ്ച് കോടി എന്നിങ്ങനെയാണ്. എം.എൽ.എ നിർദേശിച്ച മറ്റ് 19 പദ്ധതികൾക്കാണ് 100 രൂപ ടോക്കൺ തുക വകയിരുത്തിയത്.
ഗവ. വനിത കോളജ് കെട്ടിട നിർമാണം, മലപ്പുറം മേൽമുറി വലിയ തോട് നവീകരണം, മലപ്പുറം ചരിത്ര മ്യൂസിയവും സാംസ്കാരിക കേന്ദ്രവും, മലപ്പുറം സിവിൽ സ്റ്റേഷനിൽ എജുക്കേഷൻ കോംപ്ലക്സ് നിർമാണം, സിവിൽ സ്റ്റേഷനിൽ റവന്യൂ ടവർ, മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം (രണ്ടാം ഘട്ടം) എന്നിവയാണ് ടോക്കൺ തുക അനുവദിച്ചതിലെ പ്രധാന പദ്ധതികൾ.
മഞ്ചേരി മെഡിക്കൽ കോളജിന് അവഗണന തന്നെ
ജില്ലയിലെ പ്രധാന ആതുരാലയമായ മഞ്ചേരി മെഡിക്കൽ കോളജിന് ഇത്തവണയും അവഗണന. ആശുപത്രി സ്ഥാപിച്ച് പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും പരാധീനതകൾ മാത്രമാണുള്ളത്. സൂപ്പർ സ്പെഷാലിറ്റി ചികിത്സ പോലും ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഇതിനായി 93 കോടി രൂപ എം.എൽ.എ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ കനിഞ്ഞില്ല. ടോക്കൺ തുകയായി 100 രൂപ മാത്രമാണ് അനുവദിച്ചത്. മെഡിക്കൽ കോളജിെൻറ വരവോടെ കടലാസിലായ ജനറൽ ആശുപത്രിയെയും സർക്കാർ മറന്നു. 10 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. അരക്കോടിയിലേറെ ജനസംഖ്യയുള്ള ജില്ലക്ക് സ്വന്തമായി ജനറൽ ആശുപത്രി ഇല്ല. 2020ലെ ബജറ്റിൽ മെഡിക്കൽ കോളജിനോടനുബന്ധിച്ച് നഴ്സിങ് കോളജ് പ്രഖ്യാപിച്ചിരുന്നു. രണ്ട് വർഷത്തിനിടെ മഞ്ചേരിക്ക് ബജറ്റിൽ ലഭിച്ച പ്രധാന പദ്ധതി ഇതുമാത്രമാണ്.
കരിപ്പൂരിന് നിരാശ
മലപ്പുറം: സംസ്ഥാന സർക്കാറിെൻറ പുതിയ ബജറ്റിൽ പ്രഖ്യാപിച്ച നാല് സയൻസ് പാർക്കിൽ മൂന്നും വിമാനത്താവളങ്ങൾക്ക് സമീപമായിട്ടും കരിപ്പൂരിനെ ഒഴിവാക്കി. ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങൾക്കായി ആയിരം കോടി രൂപ ചെലവിലാണ് പാർക്കുകൾ വരുന്നത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപം ഇരട്ട ബ്ലോക്കുകളുള്ള പാർക്കുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. നാലാമത്തെ പാർക്ക് തിരുവനന്തപുരം ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാലക്ക് സമീപമാണ് വരുന്നത്. സംസ്ഥാനത്ത് നാലിൽ മൂന്ന് വിമാനത്താവളങ്ങളെയും പുതിയ പദ്ധതിക്കായി തെരഞ്ഞെടുത്തപ്പോൾ കരിപ്പൂരിനെ പൂർണമായി അവഗണിച്ചു. വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള ഏക വിമാനത്താവളം കൂടിയാണ് കരിപ്പൂർ. തിരുവനന്തപുരം അദാനി ഗ്രൂപ്പ് നടത്തുമ്പോൾ കൊച്ചിയും കണ്ണൂരും പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവളങ്ങളാണ്. സ്വകാര്യ വിമാനത്താവളങ്ങളെ ഉൾപ്പെടെ പരിഗണിച്ചപ്പോഴാണ് കരിപ്പൂരിനെ തഴഞ്ഞിരിക്കുന്നത്. 200 കോടി രൂപ ചെലവിൽ 10 ലക്ഷം ചതുശ്ര അടി വിസ്തീർണത്തിൽ മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം. ഭൂമിയേറ്റെടുക്കൽ അടക്കമുള്ള പദ്ധതികൾക്കൊന്നും തുകയും ബജറ്റിൽ വകയിരുത്തിയിട്ടില്ല.
ജില്ലക്ക് അവഗണന -വി.എസ്. ജോയ്
മലപ്പുറം: സംസ്ഥാന ബജറ്റിൽ ജില്ലക്ക് പൂർണ അവഗണനയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്. കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തിന് ആനുപാതികമായി ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ ലഭ്യമായില്ല. കോവിഡും പ്രളയവും തകർത്ത ജീവിതത്തിന് ആശ്വാസം പകരാൻ പദ്ധതികൾ ഒന്നും മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല. പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകർത്തവർ ലോകസമാധാനത്തിന് പണം മാറ്റിവെക്കുന്നത് അങ്ങേയറ്റം വിരോധാഭാസമാണ്.
മികച്ച പരിഗണന -ഇ.എൻ. മോഹൻദാസ്
മലപ്പുറം: ജില്ലയുടെ സമഗ്ര വികസനത്തിന് മികച്ച പരിഗണന നൽകിയ സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്. ദീർഘവീക്ഷണത്തോടെ പുതിയ കാലഘട്ടം മുന്നോട്ടുവെക്കുന്ന സാധ്യതകളും പരിമിതികളും മനസ്സിലാക്കി തയാറാക്കിയ ബജറ്റാണ്. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന ബജറ്റിൽ കാലിക്കറ്റ് സർവകലാശാലയിൽ നിരവധി പദ്ധതികളാണ് വരാൻപോകുന്നത്. തിരൂർ തുഞ്ചൻപറമ്പിൽ ഗവേഷണകേന്ദ്രം വിപുലീകരിക്കാൻ ഒരുകോടിയും മൂർക്കനാട് പാൽപ്പൊടി ഉൽപാദനകേന്ദ്രത്തിന് 32.72 കോടിയും പൊന്നാനി ഹാർബർ വികസനം, ജില്ലതല ട്രാൻസ്‌ജെൻഡർ ഫോറം, ജില്ല സ്കിൽ പാർക്ക് വികസനം എന്നിവ നടപ്പാക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.