മലപ്പുറം: ഇതര സംസ്ഥാനക്കാരായ കുട്ടികൾ പീഡനത്തിനും ഉപദ്രവത്തിനും ഇരയാകുന്ന കേസുകളിൽ മൊഴിയെടുക്കാൻ ഭാഷാ വിവർത്തകരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. അസം, മിസോറം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ബിഹാർ, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികൾ ഇരയായ കേസുകളിലാണ് പ്രതിസന്ധി നേരിടുന്നത്.
പോക്സോ, ബാലനീതി നിയമപ്രകാരം വിവർത്തകരെ നിയമിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്. വനിത- ശിശു വികസന വകുപ്പിന് കീഴിലെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ വിവർത്തകർ ഉൾപ്പെടുന്ന പാനൽ രൂപവത്കരിക്കണം. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് പാനലുള്ളത്. ഈ പാനലിൽ ഹിന്ദി, തമിഴ് വിവർത്തകർ മാത്രമാണുള്ളത്.
മലപ്പുറം ജില്ലയിലെ തിരുനാവായ, മമ്പാട് എന്നിവിടങ്ങളിൽ സമീപകാലത്തുണ്ടായ ഇത്തരം കേസുകളിൽ വിവർത്തകരില്ലാത്തതിനാൽ മൊഴിയെടുക്കാൻ പ്രയാസമായിരുന്നു. തിരൂരങ്ങാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അസം സ്വദേശിനിയെ ലൈംഗികമായി ചൂഷണം ചെയ്തത് ബിഹാർ സ്വദേശിയാണ്. വിവർത്തകരുടെ അഭാവം കാരണം മൊഴിയെടുക്കാൻ വൈകി പ്രതി രക്ഷപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കേസുകളിലെ പ്രതികൾ കൂടുതലും അവർക്കിടയിലെ ആളുകൾതന്നെയാണ്. അതിനാൽ, ഭാഷാവിവർത്തകരായി അവരുടെ കൂട്ടത്തിൽനിന്നുള്ളവരെ നിയമിക്കുന്നത് കേസ് അട്ടിമറിക്കാനും തള്ളിപ്പോകാനും കാരണമാകുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. വനിത -ശിശു വികസന വകുപ്പ് എല്ലാ ജില്ലയിലെയും ശിശു സംരക്ഷണ യൂനിറ്റുകളോടും റിപ്പോർട്ട് ചോദിച്ചിരുന്നു. എന്നാൽ, ഓരോ ജില്ലയിലും എത്ര അതിഥി തൊഴിലാളികളുടെ മക്കൾ താമസിക്കുന്നു എന്നത് സംബന്ധിച്ച കണക്കുപോലും ഇതുവരെ തയാറാക്കിയിട്ടില്ല. അസം, ബിഹാർ, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭാഷകൾക്ക് വിവർത്തകരെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. പത്ര -മാധ്യമങ്ങളിൽ പരസ്യം നൽകി എന്നല്ലാെത മറ്റു നടപടികളുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.