അറിവിന്‍റെ പോരായി.. 'ബസ് ദ ബ്രെയിൻ' ഗ്രാൻഡ് ഫിനാലെ

മലപ്പുറം: അറിവിന്‍റെ ആരവം കൊമ്പുകോർത്തപ്പോൾ 'എജുകഫെ'യിലെ സൈലം 'ബസ് ദ ബ്രെയിൻ'ഗ്രാൻഡ് ഫിനാലെ ആവേശ കൊടുമുടി കയറി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പങ്കെടുത്തവരെല്ലാം വീറോടെ പൊരുതിയപ്പോൾ അറിവിന്‍റെ സൗഹൃദ പോരായി ക്വിസ് മത്സരം. മികച്ച പോരാട്ടം നടന്ന ഫൈനലിൽ ശ്രീനന്ദ് സുധീഷ് ഒന്നാം സ്ഥാനം നേടി താരമായി.

മർവ സൈതലവി രണ്ടാം സ്ഥാനവും ഐമൻ അബ്ദുസ്സലാം മൂന്നാം സഥാനവും നേടി. വിജയികൾക്ക് ഒന്നാം സമ്മാനമായി ഐ ഫോൺ ടാബും രണ്ടാം സമ്മാനമായി സാംസങ് മൊബൈലും മൂന്നാം സമ്മാനമായി സ്മാർട്ട് വാച്ചും നൽകി. ഫൈനലിന് മുമ്പ് അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ശ്രീഹരി, ആമിന ഹന്ന, മെഹാ ജെബിൻ, സിനാൻ, റിഹാൻ ഫൈസൽ എന്നിവർ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി. മത്സരാർഥികളുടെ ഓരോ ശരിയുത്തരങ്ങൾക്കും സദസ്സിന്‍റെ കൈയടികൾ പ്രകമ്പനം കൊള്ളിച്ചു. ചരിത്രവും രാഷ്ട്രീയവും പൊതുവിജ്ഞാനവുമെല്ലാം ഫൈനൽ റൗണ്ടിൽ മത്സരാർഥികളെ തേടിയെത്തി.

കൂടാതെ ചലച്ചിത്ര ശബ്ദരേഖ, വിഡിയോ വിഭാഗങ്ങളിൽനിന്ന് ചോദ്യങ്ങളുയർന്നു. മത്സരത്തിനിടെ സദസ്സിലുള്ളവരോടും ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകിയത് ആവേശം പകർന്നു. ഐസ് ബ്രേക്കർ റൗണ്ട്, ബസ് ആൻഡ് ബീറ്റ് റൗണ്ട് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. സൈലം ക്വിസ് വിദഗ്ധരായ മുഹമ്മദ് ജാബിറും ഒ. നുസ്റത്തുമാണ് ക്വിസ് മത്സരം നയിച്ചത്. ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തവരിൽനിന്ന് എട്ടുപേരെ തെരഞ്ഞെടുക്കുകയും ഇവരിൽനിന്ന് വീണ്ടും മത്സരം നടത്തി അവസാന റൗണ്ടിലേക്ക് മൂന്നുപേരെ തിരഞ്ഞെടുത്തുമായിരുന്നു ഗ്രാൻഡ് ഫിനാലെ.

പരീക്ഷകളുടെ പരീക്ഷണം മാറണ്ടേ...?

മലപ്പുറം: പുസ്തകങ്ങൾ കാണാതെ പഠിച്ച് പരീക്ഷ എഴുതുന്ന നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതികളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു ഇന്‍റർനാഷനൽ എജുക്കേഷനൽ കോച്ചായ ഫൈസൽ പി. സെയ്ദിന്‍റെ ക്ലാസ്. ചെറിയ പ്രായത്തിൽതന്നെ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനുഷ്യർ ജീവിത യാത്രയിൽ ഇതിനെല്ലാം വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. വ്യത്യസ്തരായ കുട്ടികളെ ഒരേ പോലെ ചിന്തിപ്പിക്കാനും ഉത്തരം പറയാനും പഠിപ്പിക്കുയാണ് ഇന്ത്യയിലെ സിലബസുകൾ. ഇവിടെ സർഗാത്മകതക്ക് പ്രാധാന്യം നൽകുന്നില്ല.

ഓരോ വ്യക്തിയും തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു മേഖല കണ്ടെത്തേണ്ടതുണ്ട്. കുട്ടികൾ നമ്മുടെ സ്കൂൾ രീതികളെ ഇഷ്ടപ്പെടുന്നില്ല. സ്വന്തമായി ഒരുകാര്യവും കണ്ടെത്താതെ മറ്റുള്ളവരെ പകർത്തുകയാണ് ഭൂരിഭാഗം പേരും. വിദേശ രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ രീതികൾ നമ്മൾ പിന്തുടരേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘Bus the Brain’ Grand Finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.