തേഞ്ഞിപ്പലം: ഹൈകോടതി വിധിയെതുടർന്ന് കനത്ത സുരക്ഷയിൽ നടന്ന കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനിടെ നേരിയ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഘർഷാവസ്ഥയുണ്ടായത്. വോട്ടെണ്ണൽ കേന്ദ്രമായ സെനറ്റ് ഹൗസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കടത്തിവിടാത്തത് പ്രവർത്തകർ ചോദ്യംചെയ്തതോടെയാണ് ബഹളവും ഉന്തുംതള്ളുമുണ്ടായത്.
വിദ്യാർഥി ക്ഷേമവിഭാഗം മേധാവി ഡോ. സി.കെ. ജിഷയായിരുന്നു വരണാധികാരി. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താൻ ജാഗ്രത പുലർത്തണമെന്ന് ജില്ല പൊലീസ് മേധാവിക്ക് ഹൈകോടതി കർശന നിർദേശം നൽകിയതിനെ തുടർന്നാണ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയത്. ജില്ലയിലുടനീളമുള്ള സ്റ്റേഷനുകളിൽനിന്നും മലപ്പുറം എം.എസ്.പി, കോഴിച്ചെനയിലെ എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽനിന്നുമുള്ള 1200ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചായിരുന്നു സുരക്ഷാക്രമീകരണം. എസ്.ഐമാർ, സി.ഐമാർ, ഡിവൈ.എസ്.പിമാർ എന്നിവർ സേനയെ നിയന്ത്രിച്ചു.
വോട്ടെടുപ്പും വോട്ടെണ്ണലും നടന്ന കാമ്പസിലെ സെനറ്റ് ഹൗസ് തിങ്കളാഴ്ച രാവിലെ ആറിനുതന്നെ പൊലീസ് വലയത്തിലായിരുന്നു. സെനറ്റ് ഹൗസിലേക്കുള്ള വഴികൾ ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. അകത്തും പുറത്തും പരിസരങ്ങളിലും ശക്തമായ കാവലുണ്ടായിരുന്നു. സെനറ്റ് ഹൗസിനു മുന്നിൽ ഇരുവശത്തുമായി തമ്പടിച്ച എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ പ്രതിരോധിക്കാൻതക്ക വിധത്തിലായിരുന്നു പൊലീസ് വിന്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.