കോട്ടക്കൽ: മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയ വാഹനത്തിന് എല്ലാ രേഖകളുമുണ്ട്. പക്ഷെ, നിരത്തിലൂടെ ഓടാനുള്ള പെർമിറ്റ് മാത്രമില്ല. ഇതോടെ പിഴയായി ഈടാക്കിയത് അരലക്ഷത്തോളം രൂപ. കഴിഞ്ഞ ദിവസം രാത്രി കാവുംപുറത്ത് വാഹന പരിശോധനക്കിടെയാണ് കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എന്‍ഫോഴസ്മെന്റ് നടത്തിയ പരിശോധനയില്‍ പരിവാഹന്‍ സൈറ്റില്‍ വാഹനത്തിന്റെ പെര്‍മിറ്റ് കണ്ടെത്താന്‍ കഴിഞ്ഞില്ല. പെര്‍മിറ്റ് വാലിഡ് അപ്പ് ടു എന്നതിന് താഴെ നാഷണല്‍ പെര്മിററ്റിന്റെ വാലിഡിറ്റി കൂടെ ചേർക്കാറുണ്ട്. ഇത് കാണാത്തതിനെ തുടർന്ന് സംശയം വന്നതോടെ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. ജീവനക്കാര്‍ നല്കിയ രേഖകളില്‍ 2023 ജൂണ്‍ വരെ വാഹനം പെര്‍മിറ്റോടെ ഓടിക്കാനുള്ള ടാക്സ് അടച്ചതിന്റെ വിവരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഓണ്‍ലൈന്‍ സൈറ്റിൽ വാഹന പെര്‍മിറ്റിന്റെ ബാങ്ക് പെയ്മെന്റ് ഡീറ്റെയില്‍സ് പരിശോധിച്ചതോടെ നാഷണല്‍ പെര്‍മിറ്റില്ല എന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ലോറിയുടെ പെര്‍മിറ്റ് റദ്ദായിട്ടുണ്ടെന്ന് ഉടമസ്ഥന് അറിയിച്ചു.
കേരളത്തിലേക്ക് വരുന്ന നാഷനല്‍ ഓതറൈസ്ഡ് ഗുഡ്സ് വാഹനങ്ങള്‍ക്ക് നാഷനല്‍ പെര്‍മിറ്റ് നിര്‍ബന്ധമായതിനാലാണ് 42,300 രൂപ പിഴ ഈടാക്കിയത്. ഒരു വര്‍ഷത്തേക്ക് 18,000 രൂപയാണ് ഈ ടാക്സ് ഇനത്തില്‍ അടക്കേണ്ടത്. എന്നാല്‍, കേരളത്തില്‍ ടാക്സ് വെട്ടിച്ച് സര്‍വീസ് നടത്തിയതോടെയാണ് പിഴ ചുമത്തിയതെന്ന് എ.എം.വി.ഐ ഷൂജ മാട്ടട പറഞ്ഞു. സബീര്‍ പാക്കാടന്‍, എബിന് ചാക്കോ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി. പിഴയടച്ചതിനെ തുടര്‍ന്ന് വാഹനം വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.