മലപ്പുറം: പയ്യനാട് ഹോമിയോ ആശുപത്രിയിൽ രോഗികളിൽനിന്ന് വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന തുക ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചെന്ന പരാതിയിൽ ക്ലർക്ക് സനോജ് റിഫാനെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിട്ടും സംസ്ഥാന ഹോമിയോ ഡയറക്ടറേറ്റ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
വ്യാജരേഖ ചമച്ച് ഒ.പി. ടിക്കറ്റ്, ലാബ് ഫീസ് എന്നിവക്കായി രോഗികളിൽനിന്ന് സ്വീകരിക്കുന്ന തുക ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. ഇതിനായി ആശുപത്രി മുൻ സൂപ്രണ്ട് ഡോ.വി. അനിൽകുമാറിന്റെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ച് ഓഫിസ് ഉത്തരവ് ഇറക്കിയതായി ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ.ഹന്ന യാസ്മിൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അനിൽകുമാർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ക്ലർക്കിനെതിരെ വ്യാജരേഖ ചമക്കൽ, ക്രിമിനൽ വിശ്വാസലംഘനം തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. പയ്യനാട് ഹോമിയോ ആശുപത്രിയിലെത്തിയ ഡി.എം.ഒ സംഘം ജീവനക്കാരുടെ മൊഴിയെടുത്തു. അന്വേഷണ റിപ്പോർട്ട് സംസ്ഥാന ഹോമിയോ ഡയറക്ടറേറ്റിന് സമർപ്പിച്ചു. സാമ്പത്തിക ക്രമക്കേട് നടന്നെന്ന് തെളിയിക്കുന്ന വിവരമാണ് റിപ്പോർട്ടിലുള്ളത്. ഇത് ജില്ല പൊലീസ് മേധാവിക്കും കൈമാറിയിരുന്നു.
ഇതിന് പുറമെ കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതിയിലും ഇക്കാര്യം ചർച്ചയായി. കേസെടുത്ത ക്ലർക്കിനെ സസ്പെൻഡ് ചെയ്യണമെന്ന് യോഗം ഡയറക്ടറേറ്റിലേക്ക് ശിപാർശ ചെയ്തു. എന്നിട്ടും ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ആരോപണ വിധേയനായ ജീവനക്കാരനെ മാറ്റിനിർത്തി അന്വേഷണം നടത്താൻ തയാറാവാത്ത ഡയറക്ടറുടെ നടപടി ദുരൂഹമാണെന്ന് വകുപ്പിലെ ചില ജീവനക്കാർ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ഇവർ ആരോപിച്ചു. 2021 ഡിസംബർ 22നാണ് ആശുപത്രി സേവനങ്ങൾക്കുള്ള ഫീസ് സനോജിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് മുൻ സൂപ്രണ്ട് ഉത്തരവിട്ടെന്ന വ്യാജ ഉത്തരവിറങ്ങിയത്.
ഇത്തരത്തിൽ ലഭിക്കുന്ന തുക മുഴുവൻ ക്ലർക്ക് വ്യാജരേഖ നിർമിച്ച് സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് പരാതി. തന്റെ ഉത്തരവ് പ്രകാരമാണ് ആശുപത്രി വികസനസമിതിയുടെ അക്കൗണ്ടിലെത്തേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചതെന്ന ആരോപണത്തിനെതിരെ മുൻ സൂപ്രണ്ട് പരാതി നൽകിയിട്ടുണ്ട്.
ജില്ല മെഡിക്കൽ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്നും നടപടി സ്വീകരിച്ച് വരികയാണെന്നും ഹോമിയോ ഡയറക്ടറുടെ ഓഫിസിൽ നിന്ന് അറിയിച്ചു. അതേസമയം, ജീവനക്കാർ തമ്മിലുള്ള ചേരിപ്പോരാണ് പല വിവാദങ്ങളിലേക്കും ആശുപത്രിയെ വലിച്ചിഴക്കുന്നതെന്ന് ആരോപണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.