അരീക്കോട്: കാലവർഷം എത്തിയതോടെ പുഴകളിൽനിന്നും തോടുകളിൽനിന്നും മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് തടയാൻ അരീക്കോട് ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൂങ്കുടി, കടുങ്ങല്ലൂർ തോട്, മാങ്കടവ്, എളങ്കാവ്, ഇളങ്കാവ് പ്രദേശങ്ങളിൽ അനധികൃതമായി മീൻപിടിത്തം നടക്കുന്നുണ്ടെന്ന പരാതി ഫിഷറീസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂരിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
മത്സ്യബന്ധനത്തിന് ഉപയോഗിച്ച വലകളും അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഉൾനാടൻ മത്സ്യയിനങ്ങളുടെ പ്രജനനകാലമാണ് ജൂൺ, ജൂലൈ മാസങ്ങൾ. ഈ സമയം മുട്ടയിടാനാണ് മത്സ്യങ്ങൾ പുഴയിലേക്കും വയലുകളിലേക്കും എത്തുന്നത്. ഇങ്ങനെ വയർ നിറയെ മുട്ടയുമായി സഞ്ചരിക്കുന്ന മത്സ്യങ്ങളാണ് ഇത്തരം ഊത്ത പിടിത്തത്തിലൂടെ ഇല്ലാതാകുന്നത്.
ഇത് പുഴകളിലെയും തോടുകളിലെയും മത്സ്യ സമ്പത്തിനെ ഇല്ലാതാക്കും. ഇതിനാലാണ് ഫിഷറീസ് വകുപ്പ് കർശന നടപടിയുമായി രംഗത്തെത്തിയത്. അതേസമയം, അംഗീകൃത മത്സ്യത്തൊഴിലാളികൾക്ക് ചൂണ്ടയും കണ്ണി അകലമുള്ള വലയും ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് തടസ്സമില്ല. വൈദ്യുതി വയർ വെള്ളത്തിലിട്ട് ഷോക്കടിപ്പിച്ചും നഞ്ച് കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീൻപിടിത്തം കുറ്റകരമാണ്.
പ്രജനനസമയങ്ങളിൽ സഞ്ചാര പാതകളിൽ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യം പിടിക്കുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ശിഹാബ് മാച്ചിങ്ങൽ പറഞ്ഞു.
ഫിഷറീസ് ഓഫിസർ കാസിം, അക്വാകൾച്ചറൽ കോഓഡിനേറ്റർ വിവേക്, പ്രമോട്ടർ സുഹൈൽ, പ്രവീൺ എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.