ചങ്ങരംകുളം: നേർത്ത മഞ്ഞുകണങ്ങളാൽ പച്ചപ്പുതപ്പിൽ ആലസ്യം പൂണ്ട് കിടക്കുന്ന കോൾനിലങ്ങൾക്ക് നൂറഴകാണ്. കണ്ണെത്താ ദൂരത്തെ നൂറുകണക്കിന് വയലുകളാൽ നിറഞ്ഞ, മലപ്പുറം-തൃശൂർ ജില്ല അതിർത്തിയായ സ്രായിക്കടവിൽനിന്നുള്ള കാഴ്ച ഏറെ വിസ്മയിപ്പിക്കും.
കോൾപാടങ്ങൾക്ക് നടുവിലൂടെ ഒഴുകുന്ന വെള്ളിയരഞ്ഞാണം ചാർത്തിയ നൂറടി തോട് വർഷം മുഴുവൻ ജലനിബിഡമാണ്. ഏറെ വീതിയും നീളവും ഉള്ള നൂറടി ബിയ്യം കായലിലേക്കും അറബിക്കടലിലേക്കുമുള്ള ജലപാതയാണ്. ഈ തോട് നീർകാക്കകളും കൊറ്റികളും എരണ്ടകളും വിവിധ പക്ഷികളും വിഹരിക്കുന്ന സങ്കേതം കൂടിയാണിത്.
വേനലിലെ ഇവിടത്തെ കൊയ്ത്തുത്സവ കാഴ്ചകളും ഏറെ മനോഹരമാണ്. മഴ തിമിർത്തുപെയ്യുന്ന വർഷങ്ങളിൽ ഈ കോൾപാടങ്ങൾക്ക് അഴകേറും. മീൻ പിടിക്കാനെത്തുന്ന യുവാക്കളും പതിവുകാഴ്ചയാണ്.
കോൾപാടത്തിന് തൊട്ടുകിടക്കുന്ന സ്രായിക്കടവ് മണലിയാർകാവ് ക്ഷേത്രത്തിന്റെ കാഴ്ചയും പ്രദേശത്തിന് ഭംഗി കൂട്ടുന്നു. പ്രഭാത സവാരിക്കും വിവാഹ ഫോട്ടോഷൂട്ടുകൾക്കും നിരവധി പേരെത്തുന്നു. തൃശൂർ ജില്ല അതിർത്തി പങ്കിടുന്ന കാട്ടകാമ്പാൽ പഞ്ചായത്ത് ഈ പാതയോരം ഭാഗികമായി മോടി കൂട്ടി. പാതയോരത്ത് കട്ട വിരിച്ച് മരങ്ങൾ നട്ട് കൈവരി കെട്ടി മനോഹരമാക്കി. ഇപ്പോൾ വഴിയോര കച്ചവടക്കാരും ഏറെയുണ്ട്.
ശേഷിക്കുന്ന കോൾ പാതയോരം നന്നംമുക്ക് പഞ്ചായത്തിലാണ്. പഞ്ചായത്ത് മനസ്സുവെച്ചാൽ പച്ചപരവതാനി വിരിച്ച കണ്ണെത്താപാടങ്ങൾക്ക് കാഴ്ചക്കാരേറെയാകും. ശുചിമുറി സൗകര്യങ്ങളും നടപ്പാതകളും തണൽ വൃക്ഷങ്ങളും വഴിവിളക്കുകളും ഇരിപ്പിടങ്ങളും ഒരുക്കിയാൽ ഇവിടെ കാഴ്ചക്കാരുടെ പറുദീസയായി മാറുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.