ചങ്ങരംകുളം: തോട്ടിൻകരയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിക്കിടന്ന് നശിക്കുന്നത് ലക്ഷങ്ങളുടെ കയർ ഭൂവസ്ത്രം. തോടുകളുടെയും ജലാശയങ്ങളുടെയും വശങ്ങളിൽ മണ്ണൊലിപ്പ് തടയാനും ബണ്ട് റോഡുകൾ ബലപ്പെടുത്താനുമാണ് കയർ ഭൂവസ്ത്രം പദ്ധതിക്ക് തുടക്കമിട്ടത്. അശാസ്ത്രീയമായ നിർമാണ രീതികളും പദ്ധതി പൂർത്തീകരണത്തിലെ അലംഭാവവും മൂലമാണ് പലയിടത്തും കയർ ഭൂവസ്ത്രങ്ങൾ നശിക്കാൻ കാരണം. കനത്ത മഴയുള്ള അവസരങ്ങളിൽ മേൽമണ്ണ് നഷ്ടപ്പെട്ട് ബണ്ടുകളും തോടുകളും തകരുന്നത് ഒഴിവാക്കാനാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോടുകളും ബണ്ടുകളും കയർ ഭൂവസ്ത്രങ്ങൾ പുതപ്പിച്ച് തുടങ്ങിയത്.
എന്നാൽ, പലയിടത്തും പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു. ഭൂവസ്ത്രങ്ങൾ പുതപ്പിച്ച പല സ്ഥലങ്ങളും കാടുമൂടിയ അവസ്ഥയതോടെ പദ്ധതി പൂർത്തീകരിച്ച സ്ഥലങ്ങൾ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി. പലതും ചിതലരിച്ചും നശിച്ചു.
ഒരിഞ്ച് കണ്ണിവലുപ്പമുള്ള കയർ ഭൂവസ്ത്രംകൊണ്ട് 30 ശതമാനം വരെയുള്ള ചരിവിലും അരയിഞ്ച് കണ്ണിവലുപ്പമുള്ളവകൊണ്ട് 50 ശതമാനം വരെയുള്ള ചരിവിലും കാലിഞ്ചുവരെ വലുപ്പമുള്ള കണ്ണികകൊണ്ട് നൂറുശതമാനം വരെ ചരിവിലും മണ്ണൊലിപ്പ് തടയാവുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. ഇത് മൂലം ജലം സംഭരിച്ചുനിർത്താനുള്ള ഭൂമിയുടെ ശേഷി 16 മുതൽ 21 ശതമാനം വരെ ഉയരുമെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന മണ്ണ് ജല സംരക്ഷണം, കാർഷിക റോഡ് നിർമാണ പ്രവൃത്തികൾ എന്നിവയുടെ ആവശ്യങ്ങൾക്കാണ് കയർഫെഡും കേരള കയർ കോർപറേഷനും ചേർന്ന് കയർ ഭൂവസ്ത്രം നിർമിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
കയർ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ചകിരി ഉൽപന്ന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതുമാണ് പദ്ധതികൊണ്ട് സർക്കാർ ലക്ഷ്യമിട്ടത്.
ജലസ്രോതസ്സുകളുടെ സംരക്ഷണം ലക്ഷ്യം വെക്കുന്നതോടൊപ്പം തന്നെ ഗ്രാമീണ മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സ്ഥിരം ജോലിയും പദ്ധതിയുടെ പ്രധാന ലക്ഷ്യമായിരുന്നു. മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് കേന്ദ്ര സർക്കാർ പദ്ധതിക്ക് ഫണ്ട് ചെലവിടുന്നത്. തൊഴിലുകൾക്ക് വേണ്ടി പദ്ധതികൾ സൃഷ്ടിക്കുമ്പോഴും കോടികൾ മണ്ണാവുന്ന പദ്ധതി ജനോപകരമാകുന്ന രീതിയിലേക്ക് ചെലവഴിക്കാൻ കഴിഞ്ഞാൽ സർക്കാറിന് കോടികളുടെ നഷ്ടം ഒഴിവാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.