പരപ്പനങ്ങാടി: തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കലിൽ ചട്ടങ്ങൾ കാറ്റിൽ പറത്തിയതായാണ് വിവരവകാശ രേഖകൾ തെളിയിക്കുന്നുവെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) നേതാക്കൾ കുറ്റപ്പെടുത്തി. വിവരവകാശ നിയമം വഴി ലഭ്യമായ രേഖയിലാണ് ഞെട്ടിക്കുന്ന ചട്ടലംഘനങ്ങൾ കണ്ടെത്തിയത്.
ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം സാമൂഹിക ആഘാത പഠനം നടത്തുകയോ, ആ വിവരം പബ്ലിക് ഹിയറിങ്ങിലൂടെ പൊതുജനങ്ങളെ അറിയിക്കുകയോ ചെയ്തിട്ടില്ല. സോഷ്യൽ അസസ്മെന്റ് റിപ്പോർട്ട് പരസ്യപ്പെടുത്തുകയോ അക്വിസിഷൻ ആക്ട് പ്രകാരമുള്ള ഒരു നിയമങ്ങളും മാനദണ്ഡങ്ങളോ പാലിച്ചിട്ടില്ല.
സംഘടന തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്തിന് നൽകിയ വിവരാവകാശ മറുപടിയിലാണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് തീരദേശ ഹൈവേയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മനസ്സിലായതെന്നും ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും എൻ.എഫ്.പി.ആർ സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കൾ പറഞ്ഞു.
പരപ്പനങ്ങാടിയിൽ 20 ഏക്കറോളം സ്ഥലം നിയമപരമായി ഏറ്റെടുക്കുവാനുണ്ട്. പഴയ റോഡിന്റെ വീതി കൂടാതെയാണിത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സ്കെച്ചുകളോ മറ്റു രേഖകളോ ആവശ്യപ്പെട്ടിട്ടും നൽകാൻ സർക്കാർ തയാറായിട്ടില്ല. വില്ലേജ് അധികൃതരിൽനിന്ന് ഇത് ലഭ്യമായിട്ടില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുമാണ് അധികൃതർ ശ്രമിക്കുന്നതെന്നും എൻ.എഫ്.പി.ആർ സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.