താനൂർ: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ താനൂർ വ്യാപാരഭവനിൽ വിളിച്ചുചേർത്ത യോഗം ബഹളത്തിൽ മുങ്ങി. ഉണ്യാൽ മുതൽ കോർമ്മൻ കടപ്പുറം മൊയ്ദീൻ പള്ളി വരെയുള്ള രണ്ടാം റീച്ചിലെ ഇരകളുടെയും പ്രദേശത്തെ ജനപ്രതിനിധികളുടെയും യോഗമാണ് മന്ത്രി വിളിച്ചുചേർത്തത്.
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ പാതയുടെ അലൈൻമെന്റ് വിശദീകരണം ആരംഭിച്ചതോടെ ഇരകൾ ശക്തമായ പ്രതിഷേധമുയർത്തി. യാഥാർഥ്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് എക്സിക്യൂട്ടിവ് എൻജിനീയർ അലൈന്മെന്റ് വിശദീകരിക്കുന്നതെന്ന് പറഞ്ഞ് ഭൂമി നഷ്ടപ്പെടുന്നവർ ബഹളംവെച്ചു.
ഉണ്യാലിലെ വളവ് നിവർത്തുന്നതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയറുടെ വിശദീകരണമാണ് പ്രതിഷേധത്തിനിടയാക്കിയത്.
മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ വിശദീകരണത്തിനും പ്രതിഷേധക്കാരെ തണുപ്പിക്കാനായില്ല. ഉടമകളുടെ സമ്മതമില്ലാതെയും ജനപ്രതിനിധികളെ അറിയിക്കാതെയും പാതക്ക് വേണ്ടി കല്ലിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാലിലെ ഇരകളുടെ യോഗം മറ്റൊരുദിവസം വിളിച്ചുചേർക്കാമെന്ന് തീരുമാനിച്ചു. അലൈൻമെന്റ് ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി കടലിനോട് ചേർന്ന് പാതകൊണ്ടുപോകുന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്കയകറ്റാൻ നല്ലതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബഹളത്തിനിടെ ഭൂമി നഷ്ടപ്പെടുന്നവർക്ക് സർക്കാർ നൽകുന്ന പ്രത്യേക പാക്കേജ് യോഗത്തിൽ വിശദീകരിച്ചു. അലൈൻമെന്റ് സംബന്ധിച്ച് വിശദമായി ചർച്ചചെയ്യാൻ മറ്റൊരുദിവസം യോഗം ചേരാമെന്ന് മന്ത്രി അറിയിച്ചു. ബഹളം തുടർന്നതിനാൽ യോഗം അവസാനിപ്പിക്കാതെ മന്ത്രി സ്ഥലം വിടുകയായിരുന്നു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത്, മുനിസിപ്പൽ ചെയർമാൻ പി.പി. ഷംസുദ്ദീൻ, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പത്തമ്പാട്, ഡെപ്യൂട്ടി കലക്ടർ, തീരദേശ ജനപ്രതിനിധികൾ, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥർ, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.