മലപ്പുറം: സംസ്ഥാനത്ത് എല്ലാ ജില്ലയിലും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ നിലവിൽ വന്നെങ്കിലും നാല് ജില്ലയിൽ മനഃശാസ്ത്രം, മെഡിക്കൽ സോഷ്യൽ മേഖലയിൽനിന്നുള്ളവരുടെ പ്രാതിനിധ്യം കുറവെന്ന് ആക്ഷേപം. കാസർകോട്, വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് മനഃശാസ്ത്രം, മെഡിക്കൽ സോഷ്യൽ മേഖലയിൽ പരിചയമില്ലാത്തവരെ ഉൾപ്പെടുത്തിയതെന്ന് ആക്ഷേപമുള്ളത്. കാസർകോട്ട് നാല് അഭിഭാഷകരും ഒരു സൈക്കോളജിസ്റ്റുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
മലപ്പുറത്ത് മൂന്ന് അഭിഭാഷകരും രണ്ട് അധ്യാപകരും വയനാട് മൂന്ന് അഭിഭാഷകരും സാമൂഹികപ്രവർത്തകയും അധ്യാപികയുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ആലപ്പുഴയിലും അഭിഭാഷകർക്കുതന്നെയാണ് മുൻതൂക്കം. മറ്റു 11 ജില്ലയിൽ വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ നേതൃത്വത്തിലായിരുന്നു അഭിമുഖം.
കാസർകോട്, വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ യോഗ്യരായവരെ കണ്ടെത്താത്തതിനെത്തുടർന്ന് അഭിമുഖത്തിന് വീണ്ടും വിജ്ഞാപനം ഇറക്കിയിരുന്നു. തുടർന്ന് ദിവസങ്ങൾക്കകം ടി.വി. അനുപമയെ തൽസ്ഥാനത്തുനിന്ന് നീക്കി.
അതിനുശേഷം നടത്തിയ അഭിമുഖത്തിലാണ് മനഃശാസ്ത്ര മേഖലയിലും മെഡിക്കൽ സോഷ്യൽ മേഖലയിലുമുള്ളവർ സി.ഡബ്ല്യു.സി കമ്മിറ്റിയിൽ കാര്യമായി ഉൾപ്പെട്ടിട്ടില്ലെന്ന ആക്ഷേപം ഉയർന്നത്. പീഡനത്തിന് ഇരയായവർ, പോക്സോ ഇര ഉൾപ്പെടെ പ്രത്യേക പരിഗണനയുള്ള കുട്ടികളുടെ മാനസിക-ശാരീരിക വിവരവും സാഹചര്യവും മനസ്സിലാക്കുന്നതിനാണ് ഏഴുവർഷം പ്രവർത്തനപരിചയമുള്ള മനഃശാസ്ത്ര വിദഗ്ധരെയും മെഡിക്കൽ സോഷ്യൽ വർക്കർമാരെയും ഉൾപ്പെടുത്തണമെന്ന് ജുവനൈൽ ജസ്റ്റിസ് ആക്ടിൽ നിഷ്കർഷിക്കുന്നത്. എന്നാൽ, അഭിഭാഷകർക്കാണ് സി.ഡബ്ല്യു.സിയിൽ മുൻതൂക്കം ലഭിക്കുന്നത്. അഭിഭാഷകർ കമ്മിറ്റിയിൽ അധികമായി വരാൻ കാരണം പാർട്ടിപ്രവർത്തകരെ തിരുകിക്കയറ്റുന്നതിനാലാണെന്ന് ശിശുസംരക്ഷണ വിദഗ്ധർ പറയുന്നു.
കുട്ടികളുടെ സംരക്ഷണം, പരിചരണം, പുനരധിവാസം എന്നിവ സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്ന കമ്മിറ്റിയാണ് സി.ഡബ്ല്യു.സി. ചെയർമാൻ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് കമ്മിറ്റിയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ ആഴ്ച എല്ലാ ജില്ലയിലും സി.ഡബ്ല്യു.സി അംഗങ്ങൾ ചുമതലയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.