മലപ്പുറം: കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്ന സി.ഡബ്ല്യു.സിയിൽ (ചൈൽഡ് വെൽഫെയർ കമ്മിറ്റി) ഭൂരിഭാഗവും അഭിഭാഷകരെ നിയമിക്കുന്നതിനെതിരെ ശിശുസംരക്ഷണ വിദഗ്ധർ. മൂന്ന് വർഷത്തേക്ക് തെരഞ്ഞെടുക്കുന്ന സി.ഡബ്ല്യു.സിയിൽ ഒരുവനിതയുൾപ്പെടെ അഞ്ചുപേരാണ് അംഗങ്ങളാകുന്നത്. വർഷങ്ങളായി ഓരോ ജില്ലയിലും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ മൂന്നോ നാലോ പേർ നിയമബിരുദധാരികളാണ്. കൂടുതൽ പേരും പാർട്ടി നോമിനികളായാണ് കമ്മിറ്റിയിൽ എത്തുന്നത്.
ഇവർക്ക് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിചയമുണ്ടാകാൻ വർഷങ്ങൾ എടുക്കും. മാത്രമല്ല, കുട്ടികളുടെ അവകാശത്തെ ഹനിക്കുന്ന രീതിയിലെ പ്രവർത്തനം ഉണ്ടാകുന്നതായും ശിശുസംരക്ഷണ വിദഗ്ധർ പറയുന്നു. പാലക്കാട് സി.ഡബ്ല്യു.സി അംഗംതന്നെ പോക്സോ കേസ് പ്രതിക്കായി ഹാജരായത് ഇവർ ചൂണ്ടിക്കാണിക്കുന്നു. അഭിഭാഷകരായ ഭൂരിഭാഗം പേരും കമ്മിറ്റിയിൽ ഉൾപ്പെടുന്നതിന് കാരണം രാഷ്ട്രീയ നിയമനങ്ങളായതിനാലാണ്. ശിശുസംരക്ഷണ മേഖലയിൽ കാര്യമായ അവഗാഹമില്ലെങ്കിലും നിയമബിരുദധാരികളെ പാർട്ടികളിൽനിന്ന് കണ്ടെത്താൻ കഴിയും.
ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് എല്ലാ ജില്ലയിലും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ രൂപവത്കരിക്കുന്നത്. സോഷ്യോളജി/സൈക്യാട്രി, സോഷ്യൽ വർക്ക്/ചൈൽഡ് സൈക്കോളജി/ വിദ്യാഭ്യാസം എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പരിചയം അല്ലെങ്കിൽ ആരോഗ്യം/ശിശുവികസനം/നിയമം എന്നിവയിൽ ബിരുദവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പരിചയവുമാണ് യോഗ്യത. നിയമബിരുദം യോഗ്യതയായി നിശ്ചയിച്ചതോടെ അഭിഭാഷകരാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറെയും.
'അനാഥാലയങ്ങളിലെ നിയമോപദേശകർ' എന്നതായിരുന്നു അംഗങ്ങളുടെ പ്രവർത്തനപരിചയം. സി.ഡബ്ല്യു.സി സിറ്റിങ് നടത്തുന്ന ദിവസം വക്കീൽ പ്രാക്ടീസ് ചെയ്യുന്നവർ ഒപ്പിട്ട് ജോലിക്ക് പോകുന്നതായും ആരോപണമുണ്ട്.
സി.ഡബ്ല്യു.സി രൂപവത്കരിക്കുന്നതിന് എല്ലാ ജില്ലയിലേക്കുമുള്ള അഭിമുഖം പൂർത്തിയായി. അടുത്തയാഴ്ചയോടെ റാങ്ക് ലിസ്റ്റ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.