ഭൂരിപക്ഷം ലഭിച്ചെങ്കിലും യു.ഡി.എഫിന് ചാലിയാറിൽ പ്രസിഡൻറ്​ പദവി നഷ്​ടപ്പെട്ടു

നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിന് രണ്ട് സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ചെങ്കിലും പട്ടികവർഗ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയാതെ വന്നതോടെ പ്രസിഡൻറ്​ പദവി നഷ്​ടപ്പെട്ടു. മലപ്പുറം ജില്ല‍യിലെ ഏക പട്ടികവർഗ പ്രസിഡൻറ്​ സംവരണ പഞ്ചായത്തായിരുന്നു ചാലിയാർ. ആനപ്പാറ പന്ത്രണ്ടാം വാർഡായിരുന്നു പട്ടികവർഗ സംവരണ സീറ്റ്.

സി.പി.എമ്മി‍െൻറ കുത്തക വാർഡായ ഇവിടെ സജീവ കോൺഗ്രസ് പ്രവർത്തകൻ മനോഹരനെയാണ് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചത്. മുസ്​ലിം ലീഗി‍െൻറ സീറ്റായ ആനപ്പാറ വാർഡിൽ വിജയനായിരുന്നു യു.ഡി.എഫി‍െൻറ സ്ഥാനാർഥി. ആദ‍്യം കോണി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ച വിജയന് പിന്നീട് യു.ഡി.എഫ് സ്വതന്ത്രപട്ടം നൽകി ഗോദയിൽ ഇറക്കുക‍യായിരുന്നു.

യു.ഡി.എഫി‍െൻറ മറ്റു വാർഡുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചതിനാൽ മറ്റിടങ്ങളിൽ പട്ടികവർഗ സ്ഥാനാർഥിയെ മത്സരിപ്പിക്കാനും കഴിഞ്ഞില്ല. 67 വോട്ടി‍െൻറ ഭൂരിപക്ഷത്തിന് മനോഹരൻ വിജയനെ പരാജയപ്പെടുത്തിയതോടെ യു.ഡി.എഫിന് പട്ടികവർഗ അംഗം ഇല്ലാതായി.

തെരഞ്ഞെടുപ്പില്ലാതെ തന്നെ മനോഹരന്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി നിലമ്പൂര്‍ ബ്ലോക്ക് എ.ഇ പി.പി. മുഹമ്മദാലി പ്രഖ്യാപിച്ചു. 14 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് എട്ട്​ സീറ്റുകളിൽ വിജയിച്ചപ്പോൾ എൽ.ഡി.എഫിന് ആറ്​ സീറ്റുകളാണ് ലഭിച്ചത്.

വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ഗീത ദേവദാസ് ആറിനെതിരെ എട്ട്​ വോട്ടുകള്‍ക്ക് എല്‍.ഡി.എഫിലെ മിനി മോഹന്‍ദാസിനെ പരാജയപ്പെടുത്തി. മുസ്​ലിം ലീഗ് അംഗം സെമിയ പൊന്നാംകടവനാണ് ഗീത ദേവദാസി‍െൻറ പേര് നിർദേശിച്ചത്. കോണ്‍ഗ്രസിലെ ബീന ജോസഫ് പിന്താങ്ങി.

സി.പി.എമ്മിലെ മിനി മോഹന്‍ദാസിനെ വിശ്വനാഥന്‍ നിർദേശിച്ചു. അബ്​ദുൽ മജീദ് പിന്താങ്ങി. പ്രസിഡൻറ്​ മനോഹരന്‍ ആദ്യമായാണ് പഞ്ചായത്ത്​ അംഗമാവുന്നത്. വൈസ് പ്രസിഡൻറ്​ ഗീത ദേവദാസ് 2010-2015 ഭരണസമിതിയില്‍ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ആയിരുന്നു.

Tags:    
News Summary - Despite winning a majority, the UDF lost its presidency in Chaliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.