മലപ്പുറം: നാട്ടുകാരോടൊപ്പം കലക്ടർക്ക് പരാതി നൽകാൻ എത്തിയ അഭിഭാഷകനെ കലക്ടറേറ്റ് മുറ്റത്തുനിന്ന് തെരുവുനായ് കടിച്ചതോടെ നടപടിയുമായി മൃഗസംരക്ഷണ വകുപ്പ്.
വ്യാഴാഴ്ച സിവിൽ സ്റ്റേഷനിൽ വളപ്പിൽ തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം ലഭിച്ച താലൂക്ക് ദുരന്ത നിവാരണ സേനയുടെ (ടി.ഡി.ആര്.എഫ്) സഹായത്തോടെയാണ് നായ്ക്കളെ പിടികൂടുന്നത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വാക്സിൻ നൽകി. ഇതിനുശേഷം തിരിച്ചറിയാനായി നായ്ക്കളുടെ മുകളിൽ അടയാളവും രേഖപ്പെടുത്തുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ സിവിൽ സ്റ്റേഷൻ വളപ്പിൽ തെരുവുനായ്ക്കൾക്കായുള്ള തിരച്ചിൽ തുടങ്ങിയെങ്കിലും രണ്ടെണ്ണത്തിന് മാത്രമാണ് വാക്സിൻ നൽകാനായത്. ബാക്കിയുള്ളവ ഓടിരക്ഷപ്പെടുകയായിരുന്നു.
പിടികൂടുന്നതിന് വല അടക്കമുള്ള സൗകര്യങ്ങളുമായാണ് താലൂക്ക് ദുരന്ത നിവാരണസേന എത്തിയിരുന്നത്. ജില്ല ട്രഷറി, ആയുർവേദ ജില്ല മെഡിക്കൽ ഓഫിസ്, ജില്ല വ്യവസായ കേന്ദ്രം, ബി.എസ്.എൻ.എൽ, സ്പോർട്സ് കൗൺസിൽ എന്നിവിടങ്ങളിെലല്ലാം തിരച്ചിൽ നടത്തിയെങ്കിൽ നായ്ക്കളെ പിടികൂടാനായില്ല. സിവിൽ സ്റ്റേഷനിൽ ഓഫിസുകൾ അവധിയായ ഞായറാഴ്ച വീണ്ടും മൃഗസംരഷണ വകുപ്പ് വാക്സിൻ നൽകും.
ജില്ല മൃഗസംരക്ഷണ ഓഫിസിലെ എപ്പിഡമോളജിസ്റ്റ് ഡോ. വി.എസ്. സുശാന്ത്, അസി. ഫീൽഡ് ഓഫിസർ നാരായണന് പാച്ചത്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ടി.കെ. സഗീര്‍, കെ.സി. സുരേഷ് ബാബു, പി.എന്‍. ഷഹീന് ഷ, കെ. പാവനഹരി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
ടി.ഡി.ആര്.എഫ് ജില്ല ചീഫ് കോഓഡിനേറ്റര്‍ ഉമറലി ശിഹാബ്, അനിമല്‍ റെസ്ക്യൂ വളന്റിയര്‍മാരായ ഹസീബ് പള്ളിക്കല്‍, സുരേഷ് ചേലേമ്പ്ര, പി. ഉഷ, നാസര്‍ തിരൂര്‍, ഷബീബ് പുളിയംപറമ്പ്, മുഹമ്മദ് ചെറുകാവ് എന്നിവര്‍ നേതൃത്വം നല്കി.
കഴിഞ്ഞദിവസം വൈകീട്ട് മലപ്പുറം വടക്കേമണ്ണ സ്വദേശി അഭിഭാഷകനായ അഫീഫ് പറവത്തിനാണ് കലക്ടറേറ്റ് മുറ്റത്ത് നായുടെ കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.