പെരിന്തൽമണ്ണ: കനത്ത മഴയിൽ പെരിന്തൽമണ്ണ ടൗണിൽ ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ കടകളിലും വെള്ളം കയറി. ശനിയാഴ്ച ഉച്ചക്കാണ് മഴ തിമിർത്തത്. കുളിർമലയിൽ പെയ്യുന്ന വെളളം ദേശീയപാതയിൽ ഒഴുകിയെത്തിയതോടെ ജില്ല ആശുപത്രിക്ക് സമീപം ദേശീയപാതയിൽ നിറഞ്ഞ് നിൽക്കുന്ന സ്ഥിതിയായി. അഴുക്കുചാൽ നിറഞ്ഞ് വെള്ളം റോഡിൽ പരന്നൊഴുകി. ടൗൺ ഹാളിൽ പല കടകളിലും വെള്ളം കയറി. അഴുക്കുചാലിൽ ഉൾക്കൊള്ളാനാവത്ത വെള്ളം റോഡിൽ പരന്നൊഴുകിയതോടെ അവ ഈ ഭാഗത്ത് കടകളിലേക്ക് കയറി. മഴക്കാലപൂർവ പ്രവർത്തനം കാര്യക്ഷമമായി നടന്നില്ലെന്നാണ് വ്യാപാരികൾ കുറ്റപ്പെടുത്തുന്നത്. കടകളിൽ കയറിയ വെള്ളം തൊഴിലാളികൾ വടിച്ച് ഒഴുക്കുന്ന തിരക്കിലായിരുന്നു.
താഴേക്കോട്: ശനിയാഴ്ചയുണ്ടായ കനത്ത കാറ്റിലും മഴയിലും കൊടികുത്തി മല ഇക്കോ പാർക്കിലേക്കുള്ള റോഡിൽ മരം കടപുഴകി വീണു. കൊടികുത്തിയിൽ സന്ദർശകർക്കായി നിർമിച്ച കഫ്റ്റീരിയ തൂണുകൾ തകർന്ന് നിലംപൊത്തി.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലും ശനിയാഴ്ച കനത്ത കാറ്റിലും മഴയിലും വൈദ്യുതി നിലച്ചത് പുനഃസ്ഥാപിക്കാൻ ജീവനക്കാർ പണി പലതും നോക്കിയിട്ടും തകരാർ കണ്ടുപിടിക്കാനായില്ല.
വൈദ്യുതി നിലച്ച ശേഷം 3.30 മുതൽ ജീവനക്കാർ ഫീൽഡിൽ ഇറങ്ങി പരിശോധന തുടർന്നെങ്കിലും ഫലമുണ്ടായില്ല. കമ്പിക്ക് പകരം പുതിയ കേബിളായതിനാൽ പെട്ടെന്ന് വൈദ്യുതി നിലക്കില്ലെങ്കിലും തകരാർ ഉണ്ടായാൽ പെട്ടെന്ന് കണ്ടെത്താനാവില്ലെന്നാണ് വൈദ്യുതി ജീവനക്കാർ പറയുന്നത്. ടൗണിൽ കോഴിക്കോട് റോഡ്, ബൈപ്പാസ് റോഡ്, അങ്ങാടിപ്പുറം ഭാഗം തുടങ്ങിയ പ്രദേശങ്ങളിലാണ് ദീർഘനേരം വൈദ്യുതി മുടങ്ങിയത്. കനത്തമഴയിൽ പെരിന്തൽമണ്ണയിൽ രണ്ടു ബൈപ്പാസ് ജങ്ഷനുകളിലും ഗതാഗതക്കുരുക്കും നീണ്ടു. കോഴിക്കോട് റോഡിൽ ബൈപ്പാസ് ജങ്ഷനിലും മാനത്തുമംഗലത്തും കുരുക്കനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.