മലപ്പുറം: ജില്ലയില്‍ വര്‍ധിച്ചുവരുന്ന മുങ്ങി മരണങ്ങള് ഇല്ലാതാക്കാൻ എട്ടാം ക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്കാന് കലക്ടര്‍ വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്ത സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങി അപകടങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021ല്‍ 108ഉം 2022ല്‍ 140ഉം 2023ല്‍ ഇതുവരെയായി 127ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന് പരിധികളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്.
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ ഈ വർഷം മൂന്ന് പേർ മരണപ്പെട്ടതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് മഞ്ഞപ്പിത്ത രോഗബാധ മൂലം മൂന്നു മരണങ്ങൾ സംഭവിച്ചത്. വട്ടംകുളം, വേങ്ങര, കരുവാരകുണ്ട് പ്രദേശങ്ങളിലായിരുന്നു മരണം റിപ്പോർട്ട് ചെയ്തത്. മഞ്ഞപ്പിത്ത രോഗബാധ സംശയിക്കുന്ന ഒരു മരണം പോരൂർ പഞ്ചായത്തിലുമുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം കഴിച്ചതിനുശേഷം ഇവർക്ക് അസുഖം ബാധിക്കുകയും ശാരീരിക നില മോശമായി മരിക്കുകയുമായിരുന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൂടാതെ ജില്ലയിൽ ജലജന്യ രോഗങ്ങൾ കൂടി വരുന്നുണ്ട്. ഉത്സവങ്ങളിലും ആഘോഷ വേളകളിലും തീർഥാടന സമയങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും പൊതുജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. ജില്ലയിൽ ജലദൗർലഭ്യം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം ജലജന്യ രോഗങ്ങൾക്കെതിരെയും ഭക്ഷ്യ വിഷബാധകൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.