എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.പി. സഈദ് അവതരിപ്പിച്ചു. 27.5 കോടി രൂപ വരവും 26.30 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും വീട് ലഭ്യമാക്കാൻ 4.25 കോടി രൂപ വകയിരുത്തി. ‘വിഷരഹിത ചീക്കോട്’ ഉൾപ്പെടെ കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്ക് 44.80 ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണ മേഖലയിൽ സ്ത്രീകളുടെ വരുമാനം ലക്ഷ്യമാക്കിയുള്ള പദ്ധതിക്ക് 51 ലക്ഷം രൂപ വകയിരുത്തി. വയോജന സൗഹൃദ പഞ്ചായത്ത് ലക്ഷ്യമാക്കി 13 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കം കുറിക്കും.
ആരോഗ്യ മേഖലയിൽ 46 ലക്ഷം രൂപ വകയിരുത്തി. സമാശ്വാസം, വൺ ചൈൽഡ് വൺ സ്പോർട്സ് എന്നീ പദ്ധതികൾ നടപ്പാക്കും. ചീക്കോട് സബ് സെന്ററിന് കെട്ടിട നിർമാണം, ആയുർവേദ ആശുപത്രിക്ക് മുകളിൽ കോൺഫറൻസ് ഹാൾ നിർമാണം, യോഗ പരിശീലനം എന്നീ പദ്ധതികൾ നടപ്പാക്കും. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി 35 ലക്ഷം രൂപയും ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തിലെ വിവിധ സ്കൂളുകൾ സ്മാർട്ടാക്കും. ഗവ. എൽ.പി, യു.പി സ്കൂളുകൾക്ക് ആവശ്യമായ ഫർണിച്ചറുകളും പാചക പാത്രങ്ങളും നൽകും. സ്വന്തം കെട്ടിടം ഇല്ലാത്ത അംഗൻവാടികൾക്ക് സ്ഥലം ലഭ്യമാകുന്ന മുറക്ക് കെട്ടിടം നിർമിക്കും.
സ്ഥിരം സമിതി അധ്യക്ഷരായ സഫിയ സിദ്ദീഖ്, രജീഷ്, നസീമ, അംഗങ്ങളായ മുബഷീർ, വിജീഷ്, രാജശ്രീ, അബ്ദുൽ അസീസ്, അബ്ദുറഹിമാൻ പട്ടാക്കൽ, ടി.കെ. സുലൈമാൻ, അബ്ദുൽകരീം, മൈമൂന തടത്തിൽ, ഫജീന സിദ്ദീഖ്, വെളുത്തേടത്ത് കാർത്ത്യായനി, തയ്യിബ് ഓമാനൂർ, സെക്രട്ടറി കെ. സുധീർ, അസി. സെക്രട്ടറി വിജയൻ, എൻജിനീയർ മുബാറക്, ഷീബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.