എടവണ്ണപ്പാറ: കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കൂട്ടത്തോടെ പൊട്ടിയതോടെ ജലക്ഷാമ ഭീഷണിയിൽ വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾ. ഒരാഴ്ചയായി കുടിവെള്ളം നിലച്ച വാഴക്കാട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങളാണ് പ്രയാസമനുഭവിക്കുന്നത്.
പുതുതായി ഉദ്ഘാടനം ചെയ്ത എളമരം കടവ് പാലത്തിന്റെ സമീപ റോഡുകളിൽ പലയിടങ്ങളിലായി ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടി. ഇതേ തുടർന്നാണ് മപ്രം, വെട്ടത്തൂർ, എളമരം, ചാലിയപ്പുറം, എടവണ്ണപ്പാറ വാർഡുകളിൽ കുടിവെള്ളം വിതരണം മുടങ്ങിയത്.
മപ്രം വെളുമ്പിലാംകുഴി, കരിയാത്തൻ കുഴി കോളനിവാസികളാണ് ഏറെ പ്രയാസപ്പെടുന്നത്. ഇവിടങ്ങളിൽ കുടിവെള്ളം പണം നൽകിയാണ് വാങ്ങുന്നതെന്ന് കോളനിവാസികൾ പറയുന്നു. 400 രൂപയോളം ഈ ഇനത്തിൽ പ്രതിദിനം ചെലവ് വരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. രാത്രി വൈകി കുടിവെള്ളം തീർന്നാൽ വെള്ളം ലഭിക്കാൻ പ്രദേശവാസികൾ പെടാപാട് പെടണം.
എളമരം പാലത്തിന്റെ സമീപത്തെ റോഡ് കേന്ദ്ര റോഡ് ഫണ്ടിന് കീഴിലായതിനാൽ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിർമാണം തുടങ്ങാൻ സാധിക്കൂ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. പൈപ്പ് പൊട്ടിയ ഉടനെ അനുവാദത്തിനായി അപേക്ഷ അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ ടാറിങ് ആയതിനാൽ നാഷനൽ ഹൈവേയുടെ അനുവാദവും ലഭിക്കണം.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാന്റെ നേതൃത്വത്തിൽ അഞ്ച് വാർഡുകളിലെ കുടിവെള്ള പ്രശ്നപരിഹാരത്തിന് മലപ്പുറം നാഷനൽ ഹൈവേ അസി. എൻജിനീയർ, അരീക്കോട് വാട്ടർ അതോറിറ്റി അധികൃതരും സ്ഥലം സന്ദർശിച്ചു. കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും ചൊവ്വാഴ്ച മുതൽ പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ പ്രവൃത്തി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.