എടവണ്ണപ്പാറ: പന്നിശല്യം രൂക്ഷമായ ചീക്കോട് പഞ്ചായത്തിൽ കർഷകർ ദുരിതത്തിൽ. വിളയിൽ, പറപ്പൂർ, ചെറിയാപറമ്പ്, കുനിത്തലകടവ്, വാവൂർ, ചീക്കോട്, ചെമ്പക്കുത്ത്, വലിയ മലമ്മൽ, കാപ്പിക്കാട്ടിൽ, കൊളമ്പലം, പാലക്കോട്ടുമ്മൽ, പൊന്നാട് എന്നീ സ്ഥലങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്.
രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ കൃഷിയിടം ഒന്നടങ്കം നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. വാഴ, ചേമ്പ്, ചെറിയ കവുങ്ങ്, കൂവ, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് ഏറെ നശിപ്പിക്കുന്നത്.
രാത്രി എട്ടോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന പന്നിക്കൂട്ടം നേരം പുലരുവോളം കൃഷിയിടങ്ങളിൽ താണ്ഡവ മാടുകയാണ്. ഇതിൽ ഒറ്റയാൻ പന്നികളാണ് കൂടുതൽ കൃഷിനാശം ഉണ്ടാക്കുന്നതെന്നും ഇവ വാഹനയാത്രക്കാർക്ക് ഭീഷണിയാണെന്നും കർഷകർ പറയുന്നു.
എളമരം കടവ്, എടശേരി കടവ്, കുനിയിൽ പാലങ്ങൾ തുറന്നതോടെയാണ് പന്നികളെ കൂട്ടത്തോടെ കാണാൻ തുടങ്ങിയതെന്ന് കർഷകർ പറയുന്നു. വിളകൾ നശിപ്പിക്കുന്ന പന്നികളെ വെടിവെക്കാൻ സർക്കാർ ഉത്തരവ് നൽകുന്നുണ്ടെങ്കിലും പ്രദേശത്ത് തോക്ക് ലൈസൻസ് ഉള്ള ആളുകൾ ഇല്ലാത്തതാണ് പ്രതിസന്ധിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.