എടയൂർ: നിരവധി പേർ നീന്തൽ പഠിക്കാനും പരിശീലിക്കാനും ആശ്രയിക്കുന്ന ഒടുങ്ങാട്ടുകുളം പായലുകൾ വളർന്നും മാലിന്യം നിറഞ്ഞും തകർച്ചയിലേക്ക്. വളാഞ്ചേരി-എടയൂർ-മലപ്പുറം റോഡിനോട് ചേർന്ന് എടയൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലെ ഒടുങ്ങാട്ടുകുളത്തിൽ നീന്തുന്നതിനും കുളിക്കുന്നതിനുമായി വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി പേർ എത്തിച്ചേരാറുണ്ട്. ഒരേക്കറോളം വിസ്തൃതിയുള്ള ഈ കുളം കടുത്ത വേനലിലും വലിയ ആശ്വാസമാണ്.
വളാഞ്ചേരി മേഖലകളിലെ മിക്ക കുളങ്ങളും പായലുകൾ നിറഞ്ഞ് ഉപയോഗശൂന്യമായപ്പോഴും ഒടുങ്ങാട്ടുകുളമായിരുന്നു നീന്തൽപ്രേമികൾക്ക് ആശ്രയമായിരുന്നത്. ഒരുഭാഗത്തെ കരിങ്കൽഭിത്തി കുളത്തിൽ പതിച്ചതും വ്യാപകമായി പായലുകൾ വളർന്നതും കാരണം കുളത്തിൽ എത്തുന്നവരുടെ എണ്ണം കുറയുകയാണ്. കുളത്തിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും വലിച്ചെറിയുന്നതും പതിവായി.
1998ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എടയൂർ ഗ്രാമപഞ്ചായത്താണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ കരിങ്കൽഭിത്തികൾ നിർമിച്ച് കുളം നവീകരിച്ചത്. 2016-17 സാമ്പത്തികവർഷം ഗ്രാമപഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കുളത്തിന് ചുറ്റുമുള്ള നടപ്പാതകൾ ഇഷ്ടിക പതിച്ചും ജലസംരക്ഷണ ബോധവത്കരണ സന്ദേശങ്ങൾ എഴുതിയും ഇരിപ്പിടങ്ങൾ സ്ഥാപിച്ചും സൗന്ദര്യവത്കരിച്ചിരുന്നു. കുളത്തിന് സമീപം ഓപൺ സ്റ്റേജും എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മിനി മാസ്റ്റ് വൈദ്യുതിവിളക്കും സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾ നീന്തൽ പഠിക്കാൻ ഒടുങ്ങാട്ടുകുളത്തെ ആശ്രയിക്കാറുണ്ട്. കേരളോത്സവത്തിന്റെ ഭാഗമായും മറ്റും ഇവിടെ നീന്തൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കുളത്തിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ മൂന്ന് ചായക്കട കുളത്തിന് സമീപം തുറന്നു. പായലുകളും കുളത്തിൽ പതിച്ച കല്ലുകളും നീക്കം ചെയ്യുക, മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.