മലപ്പുറം: കേന്ദ്ര സ്‌കോളർഷിപ്പ് പോർട്ടലിലേക്ക് സംസ്ഥാന സർക്കാർ സെൻട്രൽ സെക്റ്ററിലേക്ക് നൽകിയ ജാതി തിരിച്ചുള്ള പട്ടികയിൽ മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ കോലം കത്തിച്ചു. പ്ലസ്ടു പരീക്ഷയിൽ 80 ശതമാനമോ കൂടുതലോ മാർക്ക് നേടിയ ബിരുദ വിദ്യാർത്ഥികൾക്കാണ് ഓരോ വർഷവും 10,000 രൂപയുടെ സ്‌കോളർഷിപ്പ് ലഭിക്കാറ്.
എൽ.ഡി.എഫ് സർക്കാറിന്‍റെ അനാസ്ഥ മൂലം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നഷ്ടമായിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മലപ്പുറം നഗരസഭ ചെയർമാനുമായ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫാരിസ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, ജില്ല കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, ജസീൽ പറമ്പൻ, നസീഫ് ഷെർഷ്, നിസാം കെ. ചേളാരി, ലത്തീഫ് പറമ്പൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച മുഴുവൻ കാമ്പസ് തലങ്ങളിലും കാമ്പസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ്.എഫ് അവകാശ സമരം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.