മലപ്പുറം: നാട് കാത്തിരുന്ന ‘മാധ്യമം’ ഹാർമോണിയസ് കേരള ചൊവ്വാഴ്ച കോട്ടക്കലിൽ അരങ്ങേറും. ദേശപ്പെരുമയുടെ ഉത്സവം, പാട്ടും പറച്ചിലുമായി ആയുർവേദ കോളജ് മൈതാനത്തെത്തുമ്പോൾ ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാൻ മലപ്പുറത്തിന്റെ പുരുഷാരമെത്തും. നാടിന്റെ സാംസ്കാരിക ചരിത്രത്തിൽ നിറമുള്ള അധ്യായമാവും ഈ ഉത്സവം.
‘ഒരു ദേശത്തിന്റെ കഥ’ എന്ന പേരിൽ മലപ്പുറത്തിന്റെ ഒരുമയും സ്നേഹവും ചർച്ച ചെയ്യാൻ പ്രമുഖരുടെ നിരയുണ്ട്. മലപ്പുറത്തിന്റെ മതസൗഹാർദത്തിന്റെ അടയാളമായി മാറിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോട്ടക്കലിനെ ആയുർവേദ നഗരമായി വളർത്തിയ കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി.എം. വാര്യർ, മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ചീഫ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ, പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ക്രൈസ്തവ പുരോഹിതനും സാംസ്കാരികരംഗത്ത് സജീവവുമായ ഫാ. ജോസഫ് കളത്തിൽ എന്നിവർ ‘ഒരു ദേശത്തിന്റെ കഥ’യിൽ ഒത്തുചേരും.
മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ സെഷൻ നിയന്ത്രിക്കും. വൈകീട്ട് അഞ്ചിന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിക്കും.
പാട്ടിന്റെ ആഘോഷക്കടൽ തീർക്കാനെത്തുന്നതാവട്ടെ മലയാളി നെഞ്ചിലേറ്റിയ യുവഗായകക്കൂട്ടം. അടപടലം ആവേശം തീർക്കാൻ അവതാരകൻ മിഥുൻ രമേശ് എത്തും. സൂരജ് സന്തോഷും നജീം അർഷാദും അക്ബർ ഖാനും ജാസിം ജമാലും ക്രിസ്റ്റകലയും നന്ദയും സിദ്ദീഖ് റോഷനും സിജുസിയാനും സംഗീതരാവിന് കുളിരേകും.
വൈകീട്ട് നാല് മുതൽ ആഘോഷവേദിയിലേക്കുള്ള വാതിൽ തുറക്കും. പ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ അതിജീവനത്തിന്റെ നെടുന്തൂണായി മാറിയ പ്രവാസി മലയാളികളെ ചേർത്തുപിടിച്ചാണ് മാധ്യമം, ‘ഹാർമോണിയസ് കേരള’ എന്ന പ്രവാസലോകത്തെ കൂട്ടായ്മയുടെ ആഘോഷത്തിന് തുടക്കമിട്ടത്.
പിന്നീട് ഗൾഫ് നാടുകളിലോരാന്നിലും മലയാളികൾ നെഞ്ചോട് ചേർത്ത ആഘോഷമായി അത് മാറി. വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഗൾഫ് രാജ്യങ്ങളിൽ മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’ ആദ്യമായാണ് കേരളത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.