പള്ളിക്കൽ: ജനസംഖ്യ വർധന കണക്കിലെടുത്ത് പള്ളിക്കൽ വില്ലേജ് വിഭജിക്കണമെന്ന ആവശ്യത്തിൽ സർക്കാറിൽനിന്ന് അടിയന്തര നടപടി പ്രതീക്ഷിച്ച് ജനങ്ങളും ജനപ്രതിനിധികളും. പള്ളിക്കൽ-കരിപ്പൂർ അംശങ്ങൾ ഉൾക്കൊള്ളുന്ന പള്ളിക്കൽ വില്ലേജ് വിഭജിച്ച് ജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കണമെന്നും ജീവനക്കാരുടെ ജോലിഭാരം കുറക്കണമെന്നുമുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2020ൽ വില്ലേജ് വിഭജന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.
2011ലെ സെൻസസ് പ്രകാരം പള്ളിക്കൽ വില്ലേജ് പരിധിയിൽ 50000 ത്തോളം ജനസംഖ്യയുണ്ട്. നിലവിൽ അത് 80000 ത്തോളമായി ഉയർന്നിട്ടുണ്ട്. 10, 11 ബ്ലോക്കുകളിലായി 25.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ വില്ലേജുകളിൽ ഒന്നാണ് പള്ളിക്കൽ വില്ലേജ്. വില്ലേജ് ഓഫിസ് സേവനങ്ങൾ മിക്കവയും ഓൺലൈനാക്കിയതിനാൽ വില്ലേജ് ഓഫിസിൽ ജന ബാഹുല്യമില്ല.
എന്നാൽ, ഓഫിസ് കെട്ടിടത്തിലെ സൗകര്യക്കുറവും ജീവനക്കാരുടെ കുറവും ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന സ്ഥിതിയാണ്. ജീവനക്കാർ കുറവായതിനാൽ വിവിധങ്ങളായ അപേക്ഷകളിൽ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനും മറ്റും കാലതാമസം നേരിടുന്നതും ജീവനക്കാർ മാനസിക സമ്മർദത്തിലാകുന്നതും പതിവായിട്ടുണ്ട്.
1976ൽ പി. സീതി ഹാജി എം.എൽ.എയായിരിക്കെയാണ് പള്ളിക്കൽ വില്ലേജ് ഓഫിസിന് കെട്ടിടം പണിതത്. വില്ലേജ് വിഭജനത്തിനായി ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സർക്കാറിന് ശിപാർശ നൽകിയിരുന്നെങ്കിലും വിഷയം സർക്കാറിന്റെ പരിഗണനയിലിരിക്കുകയാണ്. ആർ.എം. ഷിബുവാണ് നിലവിലെ വില്ലേജ് ഓഫിസർ. പി.ടി.എസ് അടക്കം ഏഴ് ജീവനക്കാരാണ് പള്ളിക്കൽ വില്ലേജ് ഓഫിസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.