കരുവാരകുണ്ട്: സസ്യങ്ങളെ പരിചരിച്ചും പച്ചപ്പിനെ പ്രണയിച്ചും കുട്ടികൾക്ക് ജീവപാഠങ്ങൾ പകർന്നു നൽകി ഒരധ്യാപകൻ. കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കെ. ശിവശങ്കരനാണ്(53) മണ്ണിനെയും മരങ്ങളെയും നെഞ്ചോട് ചേർക്കുന്നത്.
അഞ്ചേക്കർ വരുന്ന സ്കൂൾ കാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കിയതിൽ പ്രധാന പങ്ക് ശിവശങ്കരന്റെ നേതൃത്വത്തിലുള്ള ഹരിതസേനക്കും ജൈവവൈവിധ്യ ക്ലബിനുമാണ്. നൂറോളം ഇനങ്ങളിൽ അഞ്ഞൂറിലധികം ചെറുതും വലുതുമായ സസ്യലതാദികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. മരങ്ങൾ വെച്ചുപിടിപ്പിക്കുക മാത്രമല്ല സ്വന്തമായി തൈകളുണ്ടാക്കി വിവിധ വിദ്യാലയങ്ങൾക്ക് വിതരണവും ചെയ്യുന്നു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാൻ 2000 തൈകളാണ് ഒരുങ്ങുന്നത്.
കഴിഞ്ഞ വർഷം 1000 തൈകൾ നൽകി. സാമൂഹിക വനവത്കരണ വകുപ്പുമായി സഹകരിച്ചാണ് ഇവ തയാറാക്കുന്നത്. പഴ ഉദ്യാനം, ഔഷധോദ്യാനം, സെൻസറി പ്ലാന്റ്സ്, ബട്ടർഫ്ലൈ ഗാർഡൻ, പച്ചത്തുരുത്തുകൾ, മിയാവാക്കി വനം, ബാംബൂ, ഓക്സിജൻ പാർക്ക്, ഭിന്നശേഷി കുട്ടികൾക്കുള്ള ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം തുടങ്ങിയവ സ്കൂൾ കാമ്പസിലുണ്ട്.
ഇവ പരിചരിക്കുന്നതും ഹരിതസേനയാണ്. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാന, ജില്ലതല അംഗീകാരങ്ങൾ സ്കൂളിലെത്തിച്ച ഈ കൂട്ടായ്മ വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും വളർത്തുന്നു. പച്ചപ്പിനെ ഹൃദയത്തിലേറ്റിയ ശിവശങ്കരനെ തേടി ഈ വർഷം വനം, വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരവുമെത്തി. രാമപുരം ജെംസ് കോളജ് അധ്യാപിക പ്രീതയാണ്, വെള്ളിയഞ്ചേരി സ്വദേശിയായ ശിവശങ്കരന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.