കരുവാരകുണ്ട്: കുണ്ടോടയിലെയും മുള്ളറയിലെയും കടുവ ആക്രമണം നിയമസഭയിലുന്നയിച്ച് എ.പി. അനിൽകുമാർ. മലയോരത്തെ കർഷകരെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ പദ്ധതി വേണമെന്നും കരുവാരകുണ്ടിൽ ഫോറസ്റ്റ് സ്റ്റേഷൻ തുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സബ്മിഷൻ. കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ഭൂമിക്കും വീടിനും തുക നൽകുന്ന പദ്ധതി ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വന്യമൃഗ ആക്രമണത്തിൽ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനും നടപടി വേണം. ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ പിടികൂടാൻ കാമറകൾ, കൂടുകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി മന്ത്രി ശശീന്ദ്രൻ സഭയെ അറിയിച്ചു. പരിസര വാസികളുടെ സഹായത്തോടെ അടിക്കാട് വെട്ടിത്തെളിക്കുകയും ചെയ്തു.
ആടുകൾ നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, കരുവാരകുണ്ടിൽ ഫോറസ്റ്റ് സ്റ്റേഷൻ തുറക്കുന്നതിനെ കുറിച്ച് ഉറപ്പ് പറയാനാവില്ലെന്ന് സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
കടുവ കാടുകയറിയതായി സൂചന
കരുവാരകുണ്ട്: നാലുദിവസം കുണ്ടോട, മുള്ളറ എന്നിവിടങ്ങളിൽ വിലസിയ കടുവ കാടുകയറിയതായി വനപാലകർ. മൂന്നു ദിവസമായി പുതിയ കാൽപാടുകളൊന്നും കാണാനായിട്ടില്ല. മാത്രമല്ല, കാമറകളിലും പെട്ട് കാണുന്നില്ല. തൊഴിലാളികളും ആരും കണ്ടതായി പറയുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ അടിക്കാട് വെട്ടിത്തെളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതോടെയാവും കടുവ കാടുകയറിയിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. കുണ്ടോട എസ്റ്റേറ്റ്, ബറോഡ വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.