കരുവാരകുണ്ട്: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശന നടപടികൾ സെപ്റ്റംബർ 24ന് ആരംഭിക്കാനിരിക്കെ സ്വാശ്രയ കോളജുകളിലെ സെമസ്റ്റർ ഫീസ് ഇനത്തിൽ വ്യക്തതയായില്ലെന്ന് ആക്ഷേപം. പ്രവേശനം നേടുന്നവർ ഏത് സെമസ്റ്ററിനാണ് ഫീസടക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് രക്ഷിതാക്കൾ. ഒന്നാം സെമസ്റ്റർ കാലയളവ് തീരാനിരിക്കുകയാണ്. ആറ് സെമസ്റ്ററുകളടങ്ങുന്നതാണ് ബിരുദ കോഴ്സ്. സ്വാശ്രയ സ്ഥാപനങ്ങളിലും അംഗീകൃത കോളജുകളിലെ സ്വാശ്രയ കോഴ്സുകളിലും സെമസ്റ്ററുകൾക്കാണ് ഫീസ് അടക്കേണ്ടത്. ആർട്സ് വിഷയങ്ങളിൽ ഒരു സെമസ്റ്ററിന് ഒമ്പതിനായിരം വരെയാണ് ഫീസ്. സയൻസിന് ഇതിലും കൂടും. മറ്റു വിവിധ ഫീസുകൾ ഇതിന് പുറമെയും വരും.
ഒരുവർഷത്തേക്ക് സർവകലാശാല അംഗീകരിച്ച ഫീസുകൾ ഉൾപ്പെടെ 21,000ത്തോളം രൂപ സ്വാശ്രയ കോളജുകളിലെ ബിരുദ പ്രവേശനത്തിന് വിദ്യാർഥികളിൽനിന്ന് വാങ്ങാം. എന്നാൽ, പ്രവേശന നടപടികൾ പൂർത്തിയാവുമ്പോഴേക്ക് 90 പ്രവൃത്തി ദിനങ്ങളടങ്ങുന്ന ഒന്നാം സെമസ്റ്റർ കാലാവധി ഏതാണ്ട് കഴിഞ്ഞിട്ടുണ്ടാവും. ഈ സെമസ്റ്ററിന് കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കാമോ എന്നതിൽ വ്യക്തമായ നിർദേശം സർവകലാശാല നൽകിയിട്ടില്ല. കോളജ് അധികൃതർ ഇതിന് കൂടി ഫീസ് ആവശ്യപ്പട്ടാൽ നൽകേണ്ടി വരില്ലേ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. ഈ അധ്യയന വർഷത്തിൽ രണ്ട് സെമസ്റ്ററുകൾ നടക്കുമോ എന്നതിലും വ്യക്തത വേണം. നിരവധി സ്വാശ്രയ കോളജുകളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് 24 മുതൽ പ്രവേശനം നേടാനിരിക്കുന്നത്.
വ്യക്തമായ മാർഗനിർദേശം സർവകലാശാല നൽകാത്ത പക്ഷം ഫീസ് വിഷയത്തിൽ പലയിടത്തും പല നിയമങ്ങളാവും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.