കരുവാരകുണ്ട്: കരുതൽ മേഖലയുടെ പുതിയ മാപ്പിൽ കരുവാരകുണ്ട് പഞ്ചായത്തിലെ 300 ഏക്കറോളം സ്വകാര്യ ഭൂമി ഉൾപ്പെട്ടതായി സൂചന. കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളിലെ 46 സർവെ നമ്പറുകളിലുള്ള കൃഷിഭൂമിയാണിത്.
ഈ ഭൂമി മുഴുവനായും ജിയോടാഗ് നടത്തി കരുതൽ മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചു. പഞ്ചായത്ത് അധികൃതർ വിളിച്ചുചേർത്ത സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്.
പഞ്ചായത്തിലെ നാല് വാർഡുകളിലായാണ് ഈ ഭൂമിയുള്ളത്. വാർഡ് അംഗങ്ങൾക്കും ഓരോ ഉദ്യോഗസ്ഥർക്കുമാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. പരാതി സമർപ്പിക്കാനുള്ള അവസാന ദിനമായ ഏഴിനകം നടപടികൾ പൂർത്തിയാക്കും. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. സാനിർ, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, പാർട്ടി പ്രതിനിധികളായ കെ.കെ ജയിംസ്, പി.കെ. നാസർ, മാത്യു സെബാസ്റ്റ്യൻ കുരിശുമ്മൂട്ടിൽ, കെ.യു. തോമസ്, ജോസ് ഉള്ളാട്ടിൽ, വയലിൽ ജോയ്, ടി.ഡി. ജോയ്, ഒ.പി. ഇസ്മായീൽ, കരുവാരകുണ്ട്, കേരള വില്ലേജ് ഓഫിസർമാരുടെ ചുമതലയുള്ളവർ എന്നിവർ പങ്കെടുത്തു.
കരുതൽ മേഖലയിൽ വനഭൂമി മാത്രം -സൈലന്റ് വാലി ഡി.എഫ്.ഒ
കരുവാരകുണ്ട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല നിലവിലെ വനാതിർത്തിയിൽ ഒതുങ്ങുന്നതാണെന്ന് സൈലന്റ് വാലി ഡി.എഫ്.ഒ വിനോദ്. വനാതിർത്തിയുടെ പുറത്തേക്ക് ലോല മേഖല ഉണ്ടാവില്ല. മേഖലയുടെ മാപ്പിൽ വനാതിർത്തിക്ക് പുറത്തുള്ള സർവേ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഫീൽഡ് സർവേ വഴി വനമേഖലയല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാപ്പിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം കൈയേറിയതാണെങ്കിൽ മാപ്പിൽ ഉൾപ്പെട്ടത് ഒഴിവാക്കാനാവില്ലെന്നും ഡി.എഫ്.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.