കരുവാരകുണ്ട്: സ്ഥാനാർഥികൾ പാട്ടുംപാടി ജയിച്ചുകയറുന്ന ഇക്കാലത്ത് പഴയ പാട്ടോർമകളുടെ ലോകത്താണ് മാപ്പിളപ്പാട്ടുകളുടെ രാജകുമാരനായ ഒ.എം. കരുവാരകുണ്ട്. വോട്ടിന് പാട്ടുതന്നെ വേണമെന്ന് ആവശ്യമുയർന്ന '80കളിൽ ഒ.എം, ബാപ്പു വെള്ളിപ്പറമ്പ് തുടങ്ങി വിരലിലെണ്ണാവുന്നവരെ വോട്ട് പാട്ടെഴുത്തുകാരായി ഉണ്ടായിരുന്നുള്ളൂ. മലബാറിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ മാത്രമാണ് റെക്കോഡിങ് സ്റ്റുഡിയോ ഉണ്ടായിരുന്നത്. അന്ന് പാട്ടിെൻറ ട്രാക്കുകൾ കിട്ടുകയില്ല. ഉപകരണ സംഗീതജ്ഞരെ വിളിച്ചുവരുത്തി ഏത് പാട്ടും പുതുതായി വായിപ്പിക്കണം. ഇതിന് കൂടുതൽ സമയം വേണം.പാതിരവരെ സ്റ്റുഡിയോയിൽ ഇരിക്കും. അവസാനം അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യും.
ഒരു സ്ഥാനാർഥിക്ക് തന്നെ എട്ടോ പത്തോ പാട്ടുകളടങ്ങിയ കാസറ്റാണ് തയാറാക്കുക. ഇതിന് മൂന്നു ദിവസം വരെയെടുത്തിരുന്നു. സാങ്കേതികവിദ്യ അൽപം വികസിച്ചതോടെ വോട്ടർമാരെ മയക്കാൻ പാകത്തിലുള്ള കുറെ ഈണങ്ങൾ ഓർക്കസ്ട്രക്കാരെക്കൊണ്ട് എടുത്തുവെപ്പിക്കാമെന്നായി. പിന്നെ ഗായകർ മാത്രം മതി. അങ്ങനെയായപ്പോൾ ദിവസം നാലു കാസറ്റുകൾ വരെ തയാറാക്കാനായി.
സ്പൂൾ വരുന്നതിനുമുമ്പ് രണ്ട് ട്രാക്കുള്ള കാസറ്റിലായിരുന്നു പാട്ടെടുത്തിരുന്നത്. ഒരു ട്രാക്കിൽ ഓർക്കസ്ട്രയും മറ്റൊന്നിൽ ശബ്ദവും. സാങ്കേതികത്തികവില്ലാതെ ഈ രൂപത്തിൽ ചെയ്ത പല കാസറ്റുകളും അന്ന് സൂപ്പർ ഹിറ്റുകളായി.
ഇന്ന് പാട്ടെഴുത്തുകാർക്ക് പഞ്ഞമില്ല
വീടുകളിൽ പോലും റെക്കോഡിങ് സ്റ്റുഡിയോകളുണ്ട്. ഏതു പാട്ടിെൻറയും കരോക്കെ യൂട്യൂബിലുമുണ്ട്. എന്തിനേറെ, മൊബൈൽ ഫോണിൽപോലും റെക്കോഡ് ചെയ്യാം. ഒറ്റപ്പാട്ടുതന്നെ പേരും ചിഹ്നവും മാറ്റി പല സ്ഥാനാർഥികൾക്കും ഉപയോഗിക്കാം.
അതുകൊണ്ടുതന്നെ പാട്ടുംപാടി ജയിക്കാൻ പണ്ടത്തെക്കാളേറെ എളുപ്പവുമാണെന്ന് ഒ.എം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.