കരുവാരകുണ്ട്: കുരങ്ങുശല്യത്തിൽ പൊറുതിമുട്ടി മലയോരകർഷകർ. ഇളനീരാകുന്ന വേളയിൽ നാളികേരം കൂട്ടമായി നശിപ്പിക്കുന്ന ഇവ കാട്ടാനകളെക്കാൾ വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ഉൾവനങ്ങളിലായിരുന്ന വാനരപ്പട ഈയിടെയായി കൂട്ടത്തോടെയാണ് കൽക്കുണ്ട്, ചേരി എന്നിവിടങ്ങളിലെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തുന്നത്.
അടക്ക, കുരുമുളക്, കൊക്കോ എന്നിവയും ഇവ നശിപ്പിക്കുകയാണ്. ഓടിളക്കി അകത്തുകയറി ഭക്ഷ്യവസ്തുക്കൾവരെ നശിപ്പിക്കുന്നതായി വീട്ടുകാർ പറയുന്നു. കാട്ടാന, കാട്ടുപന്നി എന്നിവ രാത്രി മാത്രമാണെങ്കിൽ കുരങ്ങുകൾ പകൽസമയത്തും കൃഷിയിടത്തിൽ തന്നെയാണ്.
അതിനിടെ കുരങ്ങുശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇവ നശിപ്പിച്ച നാളികേരങ്ങളുമായി കർഷകർ ഫോറസ്റ്റ് സ്റ്റേഷനിൽ. ചേരിയിലെ കർഷകരാണ് പ്രതിഷേധവുമായി കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്.
നാളികേരം സ്റ്റേഷൻ മുറ്റത്ത് തള്ളി സങ്കടം ബോധിപ്പിച്ച കർഷകർ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്താമെന്ന ഡെപ്യൂട്ടി റേഞ്ചറുടെ ഉറപ്പിലാണ് കർഷകർ പിരിഞ്ഞത്.
പന്തക്കൽ ജോർജ്, പന്തക്കൽ ബേബി, ജോവാച്ചൻ, കാരുള്ളി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.