കരുവാരകുണ്ട്: മാസങ്ങൾക്കുമുമ്പ് തുടങ്ങിയ മലയോരപാത നിർമാണം യാത്രക്കാരെയും കുടുംബങ്ങളെയും വ്യാപാരികളെയും ഒരുപോലെ പൊറുതിമുട്ടിക്കുന്നു. വേണ്ടത്ര തൊഴിലാളികളോ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തി നടക്കുന്നത്.
ഇതിനിടയിൽ തുടർച്ചയായി വന്ന വേനൽമഴയും വിനയായി. മാസം ആറ് കഴിഞ്ഞിട്ടും ചിറക്കൽ മുതൽ അരിമണൽ വരെയുള്ള ഭാഗത്തെ അഴുക്ക് ചാൽ, കലുങ്ക് നിർമാണം പോലും പാതിവഴിയിൽ കിടക്കുകയാണ്.
മരുതിങ്ങൽ കവലയിലെ കലുങ്ക്, കിഴക്കെത്തല ടൗണിലെ അഴുക്കുചാൽ, ചീനിപ്പാടത്തെ റോഡ് ഉയർത്തൽ, പൂച്ചപ്പടിയിലെ റോഡ് താഴ്ത്തൽ എന്നിവയാണ് എല്ലാവർക്കും തലവേദനയാകുന്നത്.
ടൗണിൽ ഇരുഭാഗത്തെയും ചാൽ നിർമാണം പെരുന്നാൾ തിരക്കിനിടയിലാണ് എത്തിയത്. ഇത് വ്യാപാരികൾക്ക് കനത്ത ദോഷമായി. സി.ടി റോഡ് മുതൽ കേരള വില്ലേജ് ഓഫിസ് വരെയുള്ള അര കിലോമീറ്ററോളം റോഡ് ഉയർത്തുകയാണ്. ഇവിടെ കലുങ്കുകളും നിർമിക്കുന്നുണ്ട്. മഴ പെയ്തതോടെ ഈ ഭാഗം മുഴുവൻ ചളിക്കുളമായി. വാഹനാപകടങ്ങൾ നിത്യസംഭവവുമായി ഇവിടെ.
പൂച്ചപ്പടി ഭാഗത്തും ഇതേ അവസ്ഥയാണ്. ഇവിടെ പല വീടുകളുടെയും മതിലുകൾ പൊളിച്ചതിനാൽ ചളിവെള്ളം പുരയിടങ്ങളിലേക്കൊഴുകുകയാണ്. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അഞ്ച് വീടുകളിലെ കിണർ വെള്ളവും കലങ്ങി.
തൊഴിലാളികളുടെ കുറവ് മൂലമാണ് പ്രവൃത്തി ഇഴയുന്നത്. പകൽ പൂർണമായും പ്രവൃത്തി നടക്കുന്നില്ലെന്നും അവധി ദിവസങ്ങളിൽ പലപ്പോഴും പ്രവൃത്തിയേ നടക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പാതയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിരന്തരം വിളിക്കാറുണ്ടെങ്കിലും കൃത്യമായ മറുപടിയും ലഭിക്കാറില്ല. അങ്ങാടി ചിറക്കൽ മുതൽ കാളികാവ് വരെ ഒമ്പത് കിലോമീറ്റർ ദൂരമാണ് ഈ റീച്ചിലുള്ളത്.
മലയോര പാത നിർമാണം ഇഴയുന്നു, പൊറുതിമുട്ടി കുടുംബങ്ങളും വ്യാപാരികളും
കരുവാരകുണ്ട്: മലയോര പാതയുടെ കരുവാരകുണ്ട്-കാളികാവ് ഭാഗത്തെ പ്രവൃത്തിയിലെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി. വ്യാപാരികൾ, കുടുംബങ്ങൾ, വാഹനങ്ങൾ എന്നിവക്ക് വലിയ പ്രയാസം ഇതുവഴി ഉണ്ടാകുന്നു.
ആവശ്യത്തിന് തൊഴിലാളികളെ ഇറക്കാതെ കരാറുകാരൻ നിസ്സംഗത കാണിക്കുകയാണ്. നാട്ടുകാരുടെ ദുരവസ്ഥ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശം നൽകണമെന്ന് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ പരാതിയിൽ ലോക്കൽ സെക്രട്ടറി കെ.കെ. ജയിംസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.