കരുവാരകുണ്ട്: പഞ്ഞമാസം അടുത്തെത്തിയതോടെ വറുതിയുടെ ആശങ്കയിലാണ് ആദിവാസി കോളനികൾ. കരുവാരകുണ്ടിൽ കേരള എസ്റ്റേറ്റ് പുറ്റള, പറയന്മാട്, വീട്ടിക്കുന്ന് നെല്ലിക്കലടി, കൽക്കുണ്ട് കണ്ണമ്പള്ളി, ചേരി എന്നിവിടങ്ങളിലായി എഴുപതോളം ആദിവാസികളാണുള്ളത്. ഇവരിൽ സ്ത്രീകളും കുട്ടികളുമാണ് ഭൂരിഭാഗവും. കാട്ടുവിഭവങ്ങളും സന്നദ്ധസംഘടനകൾ നൽകുന്ന ഭക്ഷ്യകിറ്റുകളും റേഷനുമാണ് ഇവരുടെ ജീവിതം നിലനിർത്തുന്നത്. കാടിറങ്ങാൻ മടിക്കുന്നതിനാൽ ജോലികളൊന്നും ഇല്ലതാനും.
വേനൽമഴ പതിവാകുകയും കാലവർഷം അടുത്തെത്തുകയും ചെയ്തതോടെയാണ് ഇവർ ആധിയിലായിരിക്കുന്നത്. രണ്ടുതരം ഭീതിയാണ് ഇവർക്കുള്ളത്. മഴ കനത്താലുള്ള ഉരുൾപൊട്ടലും പഞ്ഞമാസത്തെ ഭക്ഷ്യലഭ്യതക്കുറവും. കണ്ണമ്പള്ളി ഉൾപ്പെടെയുള്ള പല കോളനികളും വനത്തിനകത്തോ മലകളുടെ താഴെയോ ആണ്. മഴ കനക്കുമ്പോൾ പല കുടുംബങ്ങളും നാട്ടിലെ ബന്ധുവീടുകളിൽ അഭയം തേടലാണ്.
ഐ.ടി.ഡി.പി ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രമാണ് പഞ്ഞമാസ കിറ്റുകൾ നൽകാറുള്ളത്. ഇത് കൃത്യമായി ലഭിക്കാറില്ലെന്നാണ് ഇവർ പറയുന്നത്. ഈ വർഷം ഫണ്ടിന്റെ അപര്യാപ്തത മൂലം ഇതും ഉണ്ടാവാനിടയില്ലെന്ന് പറയപ്പെടുന്നു. കണ്ണമ്പള്ളി, നെല്ലിക്കലടി കോളനികളിലും മറ്റുമായി പത്തോളം കുട്ടികളുമുണ്ട്. ഇവരുടെ സ്കൂൾ പ്രവേശനവും കുടുംബങ്ങളെ അലട്ടുന്നുണ്ട്. കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴു പഞ്ചായത്തിലായി 10 പട്ടികവർഗ പ്രമോട്ടർമാരുണ്ടെങ്കിലും ഇവരുടെ സേവനം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. നാട്ടുകാരിടപെട്ടാണ് പല കുട്ടികളെയും സ്കൂളിൽ ചേർക്കാറുള്ളതും പഠനോപകരണങ്ങൾ നൽകാറുള്ളതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.