കരുവാരകുണ്ട്: എസ്.എസ്.എൽ.സി കടമ്പ കടന്ന തുവ്വൂർ, കരുവാരകുണ്ട് മേഖലയിലെ പകുതിയിലധികം വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് മറുവഴി തേടേണ്ടി വരും. ഇരു പഞ്ചായത്തിലെയും നാല് ഹൈസ്കൂളുകൾ, അത്രതന്നെ സി.ബി.എസ്.ഇ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉപരിപഠന യോഗ്യത നേടുന്നത് 1500ഓളം പേരാണ്. കരുവാരകുണ്ട്, തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലാവട്ടെ പ്ലസ് വണിനുള്ളത് ആകെ 660 സീറ്റുകളും.
കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നജാത്ത് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് 733 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി ജയിച്ചത്. ഇവരിൽ 160 പേർ സമ്പൂർണ എ പ്ലസുകാരും 80 പേർ ഒമ്പത് എ പ്ലസുകാരുമാണ്. എന്നാൽ, ഇവർക്കായി കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറിയിൽ 360 പ്ലസ് വൺ സീറ്റുകളാണുള്ളത്. ഇതിൽതന്നെ 60 സീറ്റുകൾ അധികം അനുവദിക്കുന്നതാണ്.
തുവ്വൂർ പഞ്ചായത്തിൽ തുവ്വൂർ, നീലാഞ്ചേരി ഗവ. സ്കൂളുകളിൽനിന്ന് 486 പേർ പ്ലസ് വൺ യോഗ്യത നേടിയിട്ടുണ്ട്. ഇവരിൽ 108 പേർ മുഴുവൻ വിഷയങ്ങൾക്കും 38 പേർ ഒമ്പത് വിഷയങ്ങൾക്കും എ പ്ലസുകൾ നേടിയവരാണ്. എന്നാൽ, ഇവർക്കായി ആകെയുള്ളത് തുവ്വൂർ ഗവ. ഹയർ സെക്കൻഡറിയിലെ 300 പ്ലസ് വൺ സീറ്റുകൾ മാത്രമാണ്. ഈ പഞ്ചായത്തുകാരായ, മറ്റു പ്രദേശങ്ങളിലെ സ്കൂളുകളിൽനിന്ന് 10 കഴിഞ്ഞവർ, സ്വകാര്യ പഠനം വഴി യോഗ്യത നേടിയവർ, സി.ബി.എസ്.ഇ പത്താം ക്ലാസുകാർ എന്നിവർ കൂടി വരുന്നതോടെ ആറും ഏഴും എ പ്ലസുകാർ പോലും പുറത്തിരിക്കേണ്ടി വരും. മാത്രമല്ല മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് പോലും ഇഷ്ട ഗ്രൂപ്പായ സയൻസിൽ പ്രവേശനം നേടാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.