കരുവാരകുണ്ട് (മലപ്പുറം): അല്ലാഹു മനുഷ്യരോട് കാണിക്കുന്ന കാരുണ്യത്തിന്റെ ഒരംശമാണ് പീപ്ൾസ് വില്ലേജുകൾ വഴി സുമനസ്സുകൾ സഹജീവികളോട് കാണിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. പീപ്ൾസ് ഫൗണ്ടേഷൻ കരുവാരകുണ്ടിൽ നിർമാണം പൂർത്തിയാക്കിയ പീപ്ൾസ് വില്ലേജിന്‍റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി എം.എ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വില്ലേജിലെ കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെന്റ് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട്, വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി വി.എ. ഫായിസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഉമ്മർ, കെ. സുഫൈറ, പി. നുഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹംസ സുബ്ഹാൻ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് വി.പി. ലിയാഖത്തലി, സോളിഡാരിറ്റി ജില്ല സെക്രട്ടറി പി. ഷമീർ, ജമാഅത്ത് വനിത വിഭാഗം ഏരിയ പ്രസിഡന്റ് ഉമ്മുസൽമ, ടി.പി. ഹംസ, വാലയിൽ മൻസൂറലി, ഫൈഹ അൻവർ എന്നിവർ സംസാരിച്ചു.
വില്ലേജിനാവശ്യമായ അരയേക്കർ ഭൂമി നൽകിയ കുരിക്കൾ കുഞ്ഞാപ്പ ഹാജി, നിർമാണത്തിന് നേതൃത്വം നൽകിയ പി.പി. അബ്ദുൽ റഷീദ്, കെ.ടി. സമീർ ബാബു എന്നിവർക്ക് ഉപഹാരം നൽകി. രഹ്ന നിലമ്പൂർ, ശരീഫ് കൊച്ചിൻ, അബി കരുവാരകുണ്ട് എന്നിവരുടെ നേതൃത്വത്തിൽ ഇശൽവിരുന്നും അരങ്ങേറി. കണ്ണത്ത് മിനിസ്റ്റേഡിയത്തിന് സമീപം 51 സെന്റ് ഭൂമിയിലാണ് ആറ് വീടുകളടങ്ങുന്ന വില്ലേജ് നിർമിച്ചത്. രണ്ടര കോടി രൂപയുടെ പദ്ധതിയാണിത്.
വള്ളുവമ്പ്രം മമ്മദ് ഹാജി സൗജന്യമായി നൽകിയ ഭൂമിയിൽ സോളിഡാരിറ്റി മലപ്പുറം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴ് വീടുകൾ ശനിയാഴ്ച കൈമാറും. വൈകീട്ട് 5.30ന് വള്ളുവമ്പ്രത്ത് നടക്കുന്ന ചടങ്ങിൽ പി. മുജീബ് റഹ്‌മാൻ, പി.പി. ജുമൈൽ, സി.ടി. സുഹൈബ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.