കരുവാരകുണ്ട്: ഡെങ്കിപ്പനി ഭീതിയൊഴിയാതെ കരുവാരകുണ്ട്. ഇടക്കിടെയെത്തുന്ന വേനൽമഴ വില്ലനായതോടെ മലയോരത്ത് ഡെങ്കിപ്പനി വ്യാപകമാവുകയാണ്.പത്ത് പേർക്കാണ് ഇതിനകം ഡെങ്കി സ്ഥിരീകരിച്ചത്.ഇതിൽ ഒരാളുടെ നില ആശങ്കയായി തുടരുകയാണ്. ജില്ല മെഡിക്കൽ ഓഫിസർ നിയോഗിച്ച മൂന്നംഗ സംഘം തിങ്കളാഴ്ചയും കരുവാരകുണ്ടിൽ സന്ദർശനം നടത്തി.
കഴിഞ്ഞ ആഴ്ചയാണ് ഗ്രാമപഞ്ചായത്തിലെ മൂന്നിടങ്ങളിലായി ഓരോരുത്തർക്ക് വീതം ഡെങ്കി ബാധയുണ്ടായത്. ഇതിന് പിന്നാലെ വിദഗ്ധ സംഘമെത്തി ഇവിടങ്ങളിലെ വെള്ളം പരിശോധന നടത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയുമുണ്ടായി. എന്നാൽ, ഇതിന് പിന്നാലെ വീണ്ടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയോടെ രോഗബാധിതരുടെ എണ്ണം പത്തായി. ഒരാളുടെ നില ഗുരുതരമാവുകയും ചെയ്തു.
ഇതിനെ തുടർന്നാണ് ജില്ല സർവേലൻസ് ഓഫിസർ ഡോ. സുബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തിങ്കളാഴ്ച സ്ഥലത്തെത്തി വിവിധ വാർഡുകളിൽ പരിശോധന നടത്തിയത്. റഫ്രിജറേറ്ററുകൾ, വിറകും മറ്റും മൂടിവെച്ച ടാർപോളിനുകൾ, വാഴക്കൂമ്പുകൾ, റബർ മരങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടകൾ കണ്ടെത്തി. ഡെങ്കി പരത്തുന്ന കൊതുകുകൾ ശുദ്ധജലത്തിലാണ് വളരുന്നത്.
ശ്രദ്ധയിൽപെടാതെ പോകുന്ന ഇത്തരം ഉറവിടങ്ങൾ വീട്ടുകാർ തന്നെ കണ്ടെത്തി ഇല്ലാതാക്കണമെന്ന് സംഘം നിർദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ ഇൻസ്പെക്ടർ എന്നിവരുമായും ചർച്ച നടത്തി. ബോധവത്കരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താനും നിർദേശം നൽകി.
കരുവാരകുണ്ട്: പത്ത് പേർക്ക് ഡെങ്കിബാധ സ്ഥിരീകരിച്ച കരുവാരകുണ്ട് സംസ്ഥാനത്തെ ഏക ഹോട്ട്സ്പോട്ട്. പത്ത് ദിവസം കൊണ്ടാണ് പത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേസുകളുടെ എണ്ണം 20 ആയാൽ ഒരു മരണം ഉറപ്പാണെന്നും വിദഗ്ധ സംഘം മുന്നറിയിപ്പ് നൽകി.
ആരോഗ്യ ഡയറക്ടർ വിളിച്ചു ചേർത്ത ഡി.എം.ഒമാരുടെ യോഗത്തിൽ കരുവാരകുണ്ടിലെ ഡെങ്കിബാധ വിഷയമായി.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ജില്ല കലക്ടറുടെ അവലോകനയോഗം കരുവാരകുണ്ടിലാക്കിയേക്കും. പനിയും ശരീരവേദനയുമുള്ളവർ അടിയന്തരമായി ചികിത്സ തേടണം. കൊതുകുകളുടെ ഉറവിടനശീകരണത്തിൽ വീട്ടുകാർ ജാഗ്രത കാണിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.