കരുവാരകുണ്ട്: കൽക്കുണ്ട്, കക്കറ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും പുലികളെത്തി. കൽക്കുണ്ട് ചേരിപ്പടിയിൽനിന്ന് അജ്ഞാത ജീവി വീട്ടിലെ വളർത്തുനായെ കൊണ്ടുപോയി. കക്കറ മുണ്ടയിൽ ടാപ്പിങ് തൊഴിലാളികൾ രണ്ട് പുലികളുടെ മുന്നിൽപെട്ടു.
ചേരിപ്പടിയിലെ ജോയ് വള്ളിക്കാപ്പെൻറ വീട്ടിലെ നായെയാണ് ചൊവ്വാഴ്ച അർധരാത്രി കൊണ്ടുപോയത്. പുലി തന്നെയാണെന്ന് ജോയ് പറയുന്നു. എട്ടുമാസം പ്രായമായ രാജപാളയം ഇനത്തിൽപെട്ടതായിരുന്നു നായ്. മുണ്ട അലമ്പീര എസ്റ്റേറ്റിലാണ് ടാപ്പിങ് തൊഴിലാളികൾ രണ്ട് പുലികളെ കണ്ടത്. ബുധനാഴ്ച പുലർച്ച ആറോടെ ടാപ്പിങ്ങിനെത്തിയ പാലാട്ടിൽ സമീർ ബാബുവാണ് എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിന് സമീപം ജീവികളെ കണ്ടത്. ടോർച്ച് വെളിച്ചത്തിൽ ഇവ പുലികളാണെന്ന് വ്യക്തമായതോടെ തിരിഞ്ഞോടി. ബാബുവിന് പിന്നാലെയുണ്ടായിരുന്ന പുത്തൻവീട്ടിൽ ബിജു, പേങ്ങയിൽ റഫീഖ് എന്നിവരും ഇവയെ കണ്ടു. ശബ്ദമുണ്ടാക്കിയതോടെ ഇവ രണ്ടുവഴിക്ക് ഓടിമറയുകയായിരുന്നു. പുലികളെ കണ്ട വിവരമറിഞ്ഞതോടെ മറ്റു തൊഴിലാളികളും ടാപ്പിങ് നിർത്തി മടങ്ങി. ഒരാഴ്ച മുമ്പ് പുലി വളർത്തുനായെ പിടിച്ചതും ഇതിനടുത്തുള്ള വീട്ടിൽ നിന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.