കരുവാരകുണ്ട്: കരുവാരകുണ്ടിൽ 33 കെ.വി സബ് സ്റ്റേഷൻ നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പൊന്നമ്മ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ഇ.ബി മലപ്പുറം ട്രാൻസ്മിഷൻ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. 14 കിലോമീറ്റർ 33 കെ.വി ലൈനും 33 കെ.വി സബ് സ്റ്റേഷനും അടങ്ങുന്ന പദ്ധതിക്ക് 9.45 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മേലാറ്റൂർ, അലനല്ലൂർ, കാളികാവ് എന്നീ സബ് സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതിയെയാണ് മലയോര മേഖലയായ കരുവാരകുണ്ട് ആശ്രയിക്കുന്നത്.
ഇവിടങ്ങളിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുമ്പോഴൊക്കെയും വൈദ്യുതി മുടക്കമോ വോൾട്ടേജ് ക്ഷാമമോ കരുവാരകുണ്ടിൽ പതിവാണ്. തോട്ടം മേഖലയായതിനാൽ കാലവർഷം കനക്കുമ്പോഴും വൈദ്യുതി വിതരണം മുടങ്ങുന്ന അവസ്ഥയുണ്ടാകും.
ഇതേ തുടർന്ന് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ വർഷങ്ങളായി സബ് സ്റ്റേഷൻ എന്ന ആവശ്യം ഉയർത്തി വരുകയാണ്. പി. ഷൗക്കത്തലി പ്രസിഡൻറായിരിക്കെ കഴിഞ്ഞ വർഷം മന്ത്രി എം.എം. മണിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ഉന്നത സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തു. പുതിയ ഭരണസമിതിയും സി.പി.എമ്മും മന്ത്രി കൃഷ്ണൻകുട്ടിയെ നേരിൽ കണ്ട് സമ്മർദം ചെലുത്തിയതോടെയാണ് ഭരണാനുമതി നേടാനായത്. അര ഏക്കറോളം ഭൂമിയാണ് സബ് സ്റ്റേഷന് വേണ്ടിവരുക.
ലൈനുകൾ കടന്നുപോകാനും വാഹനങ്ങൾക്ക് പ്രയാസമില്ലാതെ എത്തിപ്പെടാനും സാധിക്കുന്ന ഒഴിഞ്ഞ പ്രദേശമാണ് ഇതിനാവശ്യം. വട്ടമല, കൽക്കുണ്ട്, വീട്ടിക്കുന്ന്, വാക്കോട് എന്നിവിടങ്ങളിലെല്ലാം അനുയോജ്യമായ സ്ഥലങ്ങളുണ്ട്. പദ്ധതിക്ക് സാങ്കേതികാനുമതി കൂടി ലഭിക്കുന്ന മുറക്ക് അനുയോജ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് കണ്ടെത്തി നൽകുമെന്നും പ്രസിഡൻറ് പറഞ്ഞു. വൈസ് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, സ്ഥിരംസമിതി അധ്യക്ഷരായ ഷീന ജിൽസ്, ടി.കെ. ഉമ്മർ, ഷീബ പള്ളിക്കുത്ത്, അംഗം പി. നുഹ്മാൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.