കരുവാരകുണ്ട്: സർവ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും വനപാലകരെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കി കുണ്ടോടയിലെ കടുവ. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ടി. പ്രവീൺ, സൈലൻറ് വാലി ഡെപ്യൂട്ടി റേഞ്ചർ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വനാതിർത്തിയും പരിസരവും അരിച്ചുപെറുക്കി. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി. എന്നാൽ കടുവയെയോ ബുധനാഴ്ച കാണാതായ നാല് ആടുകളെയോ കണ്ടെത്താനായില്ല.
പ്രദേശവാസികളിൽ ആശങ്ക നിലനിൽക്കുന്നതിനാൽ നിലവിലുള്ള കെണിക്ക് പുറമെ ആടുകളെ ആക്രമിച്ച സ്ഥലത്ത് മറ്റൊരു കെണികൂടി സ്ഥാപിച്ചു. മുള്ളറ ആര്യാടൻ കോളനിയുടെ പിൻഭാഗത്ത് ഏക്കർ കണക്കിന് സ്വകാര്യ ഭൂമി കാടുകയറിക്കിടക്കുകയാണ്. ഇതിൽ തമ്പടിച്ചാണ് കടുവ ഇരപിടിക്കുന്നതെന്നാണ് വീട്ടുകാർ പറയുന്നത്. ആടുകളെ കൂട്ടത്തോടെ കാണാതായതിൽ ദുരൂഹതയുണ്ട്. കടുവയോടൊപ്പം കുട്ടിയുമുണ്ടോ എന്നാണ് സംശയം. കാൽപാടുകളും കാമറ ദൃശ്യങ്ങളും ഇതിന് പിൻബലമാവുകയും ചെയ്യുന്നു.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. വിനു, സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും പൊലീസും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. ക്ലബ് പ്രവർത്തകരുടെ സഹായത്തോടെ കാട് വെട്ടിത്തെളിക്കുകയും ചെയ്തു. ആടുകൾ നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകുമെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.