കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രികോണമത്സരമായതിനാൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ കരുവാരകുണ്ടിൽനിന്ന് വിട്ടുനിൽക്കുന്നു. സ്ഥലം എം.എൽ.എ എ.പി. അനിൽകുമാർ, പ്രദേശത്തുകാരനായ അഡ്വ. എം. ഉമ്മർ എം.എൽ.എ എന്നിവർ പോലും ഇതുവരെ കരുവാരകുണ്ടിൽ പ്രചാരണത്തിന് വന്നിട്ടില്ല.
ജില്ല പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി വി.പി. ജസീറയുടെ പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്യാൻ അനിൽകുമാർ വന്നെങ്കിലും മറ്റെവിടെയും പങ്കെടുക്കാതെ ഉടൻ പോവുകയായിരുന്നു. ഇരുപാർട്ടികളുടെയും ജില്ല നേതാക്കളും ഇവിടെയെത്തിയിട്ടില്ല. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ നിലമ്പൂർ മേഖലയിൽ വന്നെങ്കിലും ഈ ഭാഗത്തേക്ക് വന്നിട്ടില്ല.
അതേസമയം, മുഈനലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ എന്നിവരെ വിവിധ വാർഡുകളിലെ കുടുംബസംഗമങ്ങളിലേക്ക് മുസ്ലിം ലീഗ് കൊണ്ടുവന്നു.
യൂത്ത് ലീഗ് പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം പുത്തേനഴിയിൽ വന്നെങ്കിലും പ്രചാരണ പരിപാടികളിൽ പങ്കെടുത്തില്ല. എന്നാൽ, യു.ഡി.എഫ് സംവിധാനമുള്ള തുവ്വൂരിലും കാളികാവിലും പ്രമുഖരെത്തുകയും ചെയ്തിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, ജില്ല കമ്മിറ്റി അംഗം പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രചാരണത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.