കരുവാരകുണ്ട്: നിയന്ത്രണമില്ലാതെ ആളുകളൊഴുകിയതോടെ കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ബഹളം.സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച തരിശ് ജി.എൽ.പി സ്കൂളിലൊരുക്കിയ ക്യാമ്പിൽ സ്ത്രീകളടക്കം ആയിരത്തിലേറെ പേരാണെത്തിയത്. വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് ചിലർ ബഹളംവെച്ചതോടെ പൊലീസും ഇടപെട്ടു.
കൽക്കുണ്ട്, തുരുമ്പോട, തരിശ് വാർഡുകളിലെ 1050 പേർക്കായാണ് ക്യാമ്പ് വെച്ചത്. കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകളാണുണ്ടായിരുന്നത്. എന്നാൽ, ചില പഞ്ചായത്ത് അംഗങ്ങൾ മറ്റുവാർഡുകളിൽനിന്നുള്ളവരെ കൊണ്ടുവന്ന് കോവിഷീൽഡ് വാക്സിൻ നൽകിയതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു.
ഇതോടെയാണ് ബഹളമായത്. ആരോഗ്യ ജീവനക്കാരും പൊലീസും ക്യാമ്പ് നിയന്ത്രിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിനിടെ കോവാക്സിൻ വേണ്ടെന്നും കോവിഷീൽഡ് മതിയെന്നുമുള്ള ചിലരുടെ ആവശ്യവും ബഹളത്തിനിടയാക്കി.
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നൂറുകണക്കിന് പേർ ഒന്നിച്ച് ഇടപഴകുന്ന ഇത്തരം ക്യാമ്പുകൾ രോഗവ്യാപനത്തിനിടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അതേസമയം, ഓരോ വാർഡിലുള്ളവർക്കും സമയം നിശ്ചയിച്ചു നൽകിയിരുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.