കരുവാരകുണ്ട്: വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പാലക്കാട് മങ്കര സ്വദേശി വിജയകുമാർ (64) കൂടി മരിച്ചതോടെ വട്ടമല റോഡിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം മൂന്നായി. കരുവാരകുണ്ടിൽനിന്ന് പുൽവെട്ട കരിങ്കന്തോണി വഴി പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിലേക്കുള്ള ഈ റോഡ് അപരിചിത യാത്രികർക്ക് അപകടക്കെണിയാണ്.
എടത്തനാട്ടുകര ഭാഗത്ത് നിന്ന് വരുമ്പോൾ വട്ടമല കഴിഞ്ഞാൽ കുത്തനെയുള്ള ഇറക്കമാണ്. പരിചയമില്ലാത്ത വാഹനങ്ങൾ ഇവിടെ നിയന്ത്രണം വിടുന്നത് പതിവുമാണ്. ചിലർ രക്ഷപ്പെടുമ്പോൾ മറ്റു ചിലർ വലതുഭാഗത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്യുക. ചിലർ അദ്ഭുതകരമായി രക്ഷപ്പെടും. മറ്റു ചിലർക്ക് മാരകമായി പരിക്കേൽക്കും.
കഴിഞ്ഞ വർഷം റബർ പാൽ സംഭരിക്കാനെത്തിയ പിക്കപ്പ് മറിഞ്ഞ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പ് മറ്റൊരു അപകടത്തിലും ഒരാൾ മരിച്ചു. കുത്തനെ ഇറക്കവും വളവും താഴ്ചയുമുള്ള ഈ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഫീനിക്സ് ക്ലബ് നിവേദനവും നൽകി.
പാലക്കാട് ജില്ലയിൽ വരുന്ന ഭാഗത്ത് ഇത് സ്ഥാപിച്ചെങ്കിലും ഈ ഭാഗത്ത് നിർമിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും നടപടിയില്ലെങ്കിൽ ഒറ്റയാൾ സമരം തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ഇ. കുഞ്ഞാണി പറഞ്ഞു. ഇവിടെ ഉണ്ടാകുന്ന അപകടങ്ങളിലെല്ലാം രക്ഷകനായെത്തുന്നയാളാണ് കുഞ്ഞാണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.