കരുവാരകുണ്ട്: നവീകരണം നീണ്ടാൽ നൂറ്റാണ്ടിന്റെ സാക്ഷിക്ക് ശാശ്വത നാശം. ഒരുദേശത്തിന് മുഴുവൻ സമൃദ്ധിയുടെ പച്ചപ്പും നനവും പകർന്ന കരുവാരകുണ്ട് അങ്ങാടിച്ചിറയാണ് അധികാരികളുടെ കനിവിനായി കാത്തുകഴിയുന്നത്. നിർമാണ വർഷം കൃത്യമായി അറിയില്ലെങ്കിലും ചിറയുടെ പ്രായം 100 കഴിഞ്ഞിട്ടുണ്ട്. 60 മീറ്റർ വീതിയും രണ്ടര മീറ്റർ താഴ്ചയുമുണ്ട് ഈ തടയണക്ക്. പതിറ്റാണ്ടുകളായി നൂറുകണക്കിന് കർഷകർക്ക് വെള്ളം നൽകിപ്പോരുന്ന ചിറ ആയിരത്തഞ്ഞൂറോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലവും നൽകുന്നു. ചിറയുടെയും ഇതിൽനിന്നുള്ള തോടിന്റെയും ഓരങ്ങളിൽ താമസിക്കുന്ന ധാരാളം കുടുംബങ്ങൾക്ക് കുടിവെള്ള സ്രോതസ്സുമാണിത്. പുൽവെട്ട, പയ്യാക്കോട്, ചെമ്പൻകുന്ന് ശുദ്ധജല പദ്ധതികളുടെ കിണറുകൾ ചിറയിലാണുള്ളത്.
വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിന്റെ മുഖ്യ ആകർഷണം ഈ ചിറയാണ്. ഇതിൽ കയാക്കിങ്, ബോട്ടിങ് എന്നിവ ആരംഭിക്കുകയും ഇതുവഴി നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയും ചെയ്തു. ഇതിനായി ബോട്ട്ജെട്ടിയും നിർമിച്ചു.
വർഷങ്ങളുടെ പഴക്കവും പുനരുദ്ധാരണമില്ലായ്മയും ഒത്തുവന്നതോടെ ഈ സംഭരണി നാശമടയാൻ തുടങ്ങി. 2018ലെ പ്രളയം ഈ നാശം പൂർണമാക്കുകയും ചെയ്തു. ഇതിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യവും ലക്ഷങ്ങൾ മുടക്കി 2019ൽ നീക്കിയെങ്കിലും തൊട്ടടുത്ത വർഷംതന്നെ ചിറ പഴയപടിയായി. രണ്ടര മീറ്റർ താഴ്ചയിൽ പൂർണമായും ചളിയും മണലും അടിഞ്ഞതോടെ വെള്ളം പേരിനു മാത്രമാവുകയും ചിറ ഏതാനും തുരുത്തുകളാവുകയും ചെയ്തു. കനാലുകൾ ഓർമയായി. കുടിവെള്ള പദ്ധതികൾ പലപ്പോഴും നോക്കുകുത്തികളായി. ഇക്കോ ടൂറിസം വില്ലേജിനെ സഞ്ചാരികൾ കൈവിട്ടു.
കോൺക്രീറ്റ് തടയണയും അതിന് മുകളിലെ നടപ്പാലവും പൂർണമായും പൊളിച്ചുനീക്കി പകരം 60 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലും വെന്റിലേറ്ററുകളോടെ തടയണ നിർമിക്കുകയാണ് ഒരു പരിഹാരം. ഇങ്ങനെയാവുമ്പോൾ ചളിയും മണലും വെള്ളത്തോടൊപ്പം ഒഴുകിപ്പോകും. ഇരുഭാഗങ്ങളിലും പാലം വരെ സംരക്ഷണഭിത്തിയും കെട്ടണം. ചിറ സംരക്ഷണം വഴി ശുദ്ധജല ലഭ്യത ഉറപ്പാക്കാനും കാർഷിക മേഖലയെ പോഷിപ്പിക്കാനും വിനോദസഞ്ചാരം സജീവമാക്കാനും ഒരേസമയം സാധിക്കും. ഇതിന് കൃത്യമായ പദ്ധതിതന്നെ വേണം. ചേറുമ്പിന്റെ പ്രതീകമായ ഈ നൂറ്റാണ്ടിന്റെ സാക്ഷിയെ പുനരുദ്ധരിച്ച് നാടിന്റെ ജലസ്രോതസ്സ് തലമുറകൾക്കായി കാത്തുവെക്കണമെന്നാണ് നാടിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.