വൃക്കമാറ്റ ശസ്ത്രക്രിയ ബില്ല് അടച്ച് തീർന്നില്ല; രാഗേഷ് ബാബുവിന് തുണയായി മസ്ജിദുകൾ

മലപ്പുറം: വൃക്ക മാറ്റിവെച്ചെങ്കിലും ആശുപത്രി ബില്ല് അടച്ചുതീർക്കാൻ പ്രയാസപ്പെടുന്ന രാകേഷ് ബാബുവിന് സഹായവുമായി മലപ്പുറം നഗരങ്ങളിലെ ജുമാമസ്ജിദുകൾ. ജുമുഅ നമസ്കാര ശേഷം രാഗേഷ് ബാബുവിന് പള്ളികളിൽനിന്ന് 1,32,340 രൂപ സമാഹരിച്ചു നൽകി. മലപ്പുറം ഹാജ്യാർ പള്ളി സ്വദേശി രാകേഷ് ബാബുവി‍െൻറ ചികിത്സ ധനസഹായ ഫണ്ടിലേക്കാണ് നഗരസഭ പരിധിയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ധനസമാഹരണം നടത്തിയത്.

11 വർഷം മുമ്പ് മാറ്റിവെച്ച വൃക്ക തകരാറിലായതാണ് രാഗേഷ് ബാബുവിനെ ദുരിതത്തിലാക്കിയത്. കുടുംബത്തി‍െൻറ ഏക ആശ്രമയമായ ഇദ്ദേഹം ആദ്യ തവണ വൃക്ക മാറ്റിവെച്ചതിന് ശേഷം ഓട്ടോയും ഓടിച്ചും സ്‌കൂൾ ബസും ഓടിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോകവേ കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു.

കോവിഡിനൊപ്പം ചിക്കൻ പോക്‌സും ബാധിച്ചതോടെ ചികിത്സ മുടങ്ങി. മാറ്റിവെച്ച വൃക്കയും തകരാറായി. താമസിക്കുന്ന വീട് വിറ്റാണ് മുമ്പ് വൃക്ക മാറ്റിവെച്ചത്. അമ്മയായിരുന്നു അന്ന് വൃക്ക നൽകിയത്.

ബാബുവി‍െൻറ സഹോദരൻ വൃക്ക നൽകി ഇപ്പോൾ രണ്ടാമതും മാറ്റിവെച്ചു. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ചികിത്സക്കുള്ള പണം ആശുപത്രിയിൽ നൽകിയിട്ടില്ല. 15 ലക്ഷത്തോളം രൂപയാണ് ശാസ്ത്രക്രിയക്കും തുടർ ചികിത്സക്കുമുള്ള ചെലവ്. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ചികിത്സ സഹായസമിതിയുടെ നേതൃത്വത്തിൽ ഈ തുക കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതി‍െൻറ ഭാഗമായാണ് പള്ളികളിലും ധനസമാഹരണം നടത്തിയത്.

Tags:    
News Summary - Kidney transplant surgery bill not completed; Mosques help Ragesh Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.