കൊണ്ടോട്ടി: നഗരസഭ അധ്യക്ഷ സ്ഥാനം പങ്കുവെക്കുന്നതു സംബന്ധിച്ചുള്ള യു.ഡി.എഫ് ധാരണ പ്രാവര്‍ത്തികമാക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിനോട് ഇടയുന്നു. ആദ്യ മൂന്ന് വര്‍ഷം നഗരസഭാധ്യക്ഷ സ്ഥാനം ലീഗിനും അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിനും എന്നായിരുന്നു യു.ഡി.എഫ് ധാരണ. ഇക്കാര്യത്തില്‍ തീരുമാനം വൈകുമ്പോള്‍ നഗരസഭ ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്ററും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അബീന പുതിയറക്കലും സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കത്ത് നല്കി.
അധികാരമേറി മൂന്ന് വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും രാഷ്ട്രീയ ധാരണ പാലിക്കാന്‍ ലീഗ് തയ്യാറാകാത്തത് ലോക്സഭ തെരഞ്ഞെടുപ്പാരവം ഉയരുന്നതിനു മുമ്പുതന്നെ ചര്‍ച്ചയായിരുന്നു. യു.ഡി.എഫ് യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യുകയല്ലാതെ മുന്‍ധാരണ നടപ്പാക്കാനുള്ള തീരുമാനങ്ങളില്ലാത്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന നഗരസഭ യു.ഡി.എഫ് യോഗത്തിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വൈസ് ചെയര്മാന് സ്ഥാനവും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെക്കുമെന്ന സൂചനയാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ളത്.
അധ്യക്ഷ സ്ഥാനം മാറുന്നതു സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ പാണക്കാട് വെച്ചും ഇരുപാര്‍ട്ടി നേതാക്കളുടെ ചര്‍ച്ച നടന്നിരുന്നു. വെള്ളിയാഴ്ച നടക്കുന്ന മുന്നണി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന ധാരണയിലാണ് അന്ന് നേതാക്കള്‍ പിരിഞ്ഞത്. ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബിയാണ് നിലവില്‍ കൊണ്ടോട്ടി നഗരസഭാധ്യക്ഷ. ലീഗിന് 23 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരുമാണ് ഭരണ സമിതിയിലുള്ളത്. പൊതുതെരഞ്ഞെടുപ്പ് വേളയില്‍ മുന്നണി ബന്ധം തകരുന്നത് കൊണ്ടോട്ടിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കരുതലോടെയാണ് ജില്ല നേതൃത്വം വിഷയത്തെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.