ആയുർവേദത്തി‍​െൻറ സുഗന്ധത്തിൽ അബുവി‍​െൻറ സ്വപ്നം പൂവണിയുന്നു

കോട്ടക്കൽ: സങ്കടപ്പെയ്ത്തിനിടെ സ്വന്തം വീടു കാണാതെ വിട വാങ്ങിയ അബുവി‍െൻറ കുടുംബത്തിന് ആയുർവേദത്തി‍െൻറ തലോടൽ. കാരുണ്യമതികളുടെ സഹായത്തോടെ വീടെന്ന സ്വപ്നം പടിവാതിൽക്കൽ എത്തി നിൽക്കെ മരണപ്പെട്ട കോട്ടക്കലിലെ മാതാരി അബുവി‍െൻറ കുടുംബത്തിനുള്ള സ്വപ്നഭവന നിർമാണത്തിന് 24ന് തുടക്കമാകും. അന്തരിച്ച ഡോ. പി.കെ. വാര്യരുടെ നൂറാം പിറന്നാൾ സമ്മാനമായി കോട്ടക്കൽ ആര്യവൈദ്യശാല തൊഴിലാളികൾ പ്രഖ്യാപിച്ച വീടുകളിലൊന്ന് അബുവി‍െൻറ കുടുംബത്തിനാണ്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ രാവിലെ ഒമ്പതിന് വീടിന് ശിലയിടും.

ജനകീയ കമ്മിറ്റിയുടെ ഇടപെടലിൽ യാഥാർഥ്യമായ വലിയപറമ്പ് ഉദരാണിപറമ്പിലെ അഞ്ച് സെൻറ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്. പരവക്കൽ എറമു ഹാജിയാണ് മൂന്ന് സെൻറ് ഭൂമിക്കുള്ള പണം നൽകിയത്. ബാക്കി രണ്ട് സെൻറ് ഭൂമിക്കുള്ള പണം കമ്മിറ്റിയും നൽകി. പാറയിൽ സ്ട്രീറ്റിലെ ചോർന്നൊലിക്കുന്ന വാടക വീട്ടിൽ ഭാര്യ സുബൈദക്കൊപ്പം കഴിഞ്ഞിരുന്ന അബുവി‍െൻറ കുടുംബത്തി‍െൻറ ദുരവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 28നാണ് 'മാധ്യമം' വാർത്ത നൽകിയത്. തെരുവോരത്ത് പഴവർഗങ്ങളുടെ കച്ചവടക്കാരനായിരുന്നു അബു. രോഗം പിടിപെട്ടതോടെ വിവിധ ആശുപത്രികളിൽ നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീടിനായി നാട്ടുകാരുടെ നേതൃത്വത്തിൽ മാതാരി അബു ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.

ചാലമ്പാടന്‍ മുഹമ്മദ് കുട്ടി, വിനോദ് പത്തൂർ, ഗഫൂർ ഇല്ലിക്കോട്ടിൽ, ഷാഹുല്‍ ഹമീദ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ. പാറയിൽ സ്ട്രീറ്റ് ബ്രോസ് വാട്സ് ആപ് കൂട്ടായ്മ, സെവൻസ് ക്ലബ്, ഗ്ലോബൽ കെ.എം.സി.സി, യൂത്ത് ലീഗ് തുടങ്ങിയവരും സഹായഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു.

മൂന്നു മാസത്തിനുള്ളിൽ കമ്മിറ്റിക്ക് ഏറെ മുന്നേറാനായി. ഭൂരേഖ നടപടികളെല്ലാം കഴിഞ്ഞ് വീട് വെക്കാനുള്ള നീക്കത്തിനിടെ കഴിഞ്ഞ സെപ്റ്റംബർ നാലിനായിരുന്നു അബുവി‍െൻറ മരണം. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു അബുവി‍െൻറ ആശുപത്രി ചികിത്സ ചെലവുകൾ വഹിച്ചിരുന്നത്.

Tags:    
News Summary - Abu's dream is coming true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.