കോട്ടക്കൽ: മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദേശം മറികടന്ന് നഗരസഭ അധ്യക്ഷ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ച ബുഷ്റ ഷബീറിന്റെ തീരുമാനം കോട്ടക്കലില്‍ പ്രാദേശിക മുസ്ലിംലീഗ് നേതൃത്വത്തിന് തിരിച്ചടിയായി. സമവായത്തിന്റെ പേരില്‍ ഇവരോടും ഉപാധ്യക്ഷൻ പി.പി. ഉമ്മറിനോടും രാജിവെക്കാൻ ജില്ല കമ്മിറ്റി നിർദേശിക്കുകയായിരുന്നു. എന്നാൽ, ബുഷ്റ ഒരുപടികൂടി മുന്നോട്ടുപോയി കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചതാണ് വെല്ലുവിളിയായത്.
അധികാരമേറ്റ ഉടൻതന്നെ ഇവര്‍ക്കെതിരെ ഭരണസമിതിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന് നേതൃത്വത്തിലെ ഒരു വിഭാഗവും പിന്തുണ നല്കി. മുമ്പ് ചെയർമാനായിരുന്ന കെ.കെ. നാസറിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച ബുഷ്റക്കെതിരെ ഇവർ രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി ബുഷ്റ ഷബീര്‍ മുന്നോട്ട് പോയി. ഇതിനിടെ ഭരണസമിതി യോഗങ്ങളടക്കം സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ ബഹിഷ്കരിക്കുന്ന വിധം കാര്യങ്ങള്‍ മാറി. ബുഷ്റയുടെ സ്ഥാനമാറ്റം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന് സ്വന്തം ഭരണസമിതി അംഗങ്ങള്‍ പലതവണ കത്ത് നല്കി.
കൗണ്‍സില്‍ യോഗത്തില്‍ പോലും പലതവണ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉടലെടുത്തു. ഇതിനെയെല്ലാം അതിജീവിച്ചായിരിന്നു ബുഷ്റയുടെ പ്രവര്‍ത്തനങ്ങള്‍. എന്നാൽ വിമത സ്വരം ഉയർത്തിയവർ പാർട്ടിക്ക് രാജിക്കത്ത് നൽകിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഒടുവില്‍ ഒരു സമവാക്യമാണ് ജില്ല മുസ്ലിംലീഗ് നേതൃത്വം ലക്ഷ്യമിട്ടത്. ഇതിനായി എല്ലാവരേയും പാണക്കാട്ടേക്ക് വിളിപ്പിച്ചു. ചുമതലയുള്ള റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. തുടര്‍ന്ന് നഗരസഭ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ബുഷ്റയോട് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
വൈസ് ചെയര്‍മാനായ പി.പി. ഉമ്മറിനോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടു. പകരം ടൗണ്‍ ഡിവിഷനിലെ ഡോ. കെ. ഹനീഷയെ ചെയര്‍പേഴ്സനും കൂരിയാട് വാര്‍ഡിലെ ചെരട മുഹമ്മദലിയെ വൈസ് ചെയര്‍മാനും ആക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ബുഷ്റയും ഒപ്പമുള്ളവരും അംഗീകരിക്കുമെന്ന ആശ്വാസത്തിലായിരുന്നു ജില്ല നേതൃത്വം.
എന്നാൽ, സ്ഥാനം ഒഴിയാന്‍ നിർദേശിച്ചെങ്കിലും നേരത്തേ ഏറ്റെടുത്ത പദ്ധതികള്‍ നടപ്പാക്കാനുള്ള തിരക്കിലായിരുന്നു ബുഷ്റ. കോട്ടൂരിൽ കൃഷിഭവൻ കെട്ടിട ഉദ്ഘാടനം, ജില്ല കലോത്സവ പോസ്റ്റർ പ്രകാശനം, ജില്ല കലക്ടർ പങ്കെടുത്ത സൈക്കിൾ റാലി ഫ്ലാഗ് ഓഫ് തുടങ്ങിയ ചടങ്ങുകൾ പൂർത്തിയാക്കി.
ശേഷമായിരുന്നു നഗരസഭ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയാറെടുത്തത്. എന്നാല്‍ കൗണ്‍സില്‍ സ്ഥാനവും രാജിവെച്ചത് പ്രാദേശിക നേതൃത്വത്തെയും ലീഗ് ജില്ല നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
മുസ്ലിംലീഗിന്റെ എക്കാലത്തെയും കരുത്തനായ നേതാവും മന്ത്രിയുമായിരുന്ന യു.എ. ബീരാന്റെ മരുമകള്‍ കൂടിയാണ് ബുഷ്റ. നല്ല പ്രവര്‍ത്തനമാണ് ഇക്കാലയളവില്‍ നടത്തിയതെന്ന് ജില്ല നേതൃത്വം തന്നെ സമ്മതിക്കുമ്പോള്‍ എന്തിനാണ് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴയുകയാണ് നേതൃത്വം.
പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്ററി നേതാവായിരുന്ന കെ.പി.എ. റാഷിദും സ്ഥാനം രാജിവെച്ചിട്ടുണ്ട്. പതിനഞ്ചാം വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് രാജിയെന്നാണ് ബുഷ്റ പറയുന്നത്.
കോട്ടക്കല്‍: നഗരസഭ അധ്യക്ഷയായിരുന്ന ബുഷ്റ ഷബീര്‍ സ്ഥാനമൊഴിഞ്ഞ കോട്ടക്കലില്‍ ആക്ടിങ് ചെയര്‍പേഴ്സനായി ഡോ. കെ. ഹനീഷ ചുമതലയേറ്റു. നഗരസഭ സെക്രട്ടറി ആര്. കുമാര്‍ നടപടി പൂര്‍ത്തിയാക്കി. ടൗണ്‍ ഡിവിഷന് കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമാണ് ഇവര്‍.
ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച പി.പി. ഉമ്മറിന് പകരം പാര്‍ട്ടി നിര്‍ദേശിച്ച ചെരട മുഹമ്മദലി, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. അബ്ദു, പി. റംല, മറ്റു കൗണ്‍സിലര്‍മാര്‍, വിവിധ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഹനീഷ എത്തിയത്. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് താൽക്കാലിക ചുമതല ഏറ്റെടുത്തതെന്ന് ഹനീഷ പ്രതികരിച്ചു.
കാലങ്ങളായി നിലനിന്ന വിഭാഗീയതക്കൊടുവിലാണ് ലീഗ് ജില്ല നേതൃത്വം ബുഷ്റ ഷബീറിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചായിരുന്നു മറുഭാഗത്തിനുള്ള ഇവരുടെ മറുപടി.
കോട്ടക്കല്‍: അഴിമതി നടത്തിയതിനാണോ, നടത്താന്‍ കൂട്ടുനില്ക്കാത്തതിനാണോ ബുഷ്റ ഷബീര്‍ രാജിവെച്ചതെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് എല്‍.ഡി.എഫ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഒരു സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് മാനസിക പീഡനം ഏറ്റിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബുഷ്റ ഷബീര്‍ തയാറാകണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീര്‍ പറഞ്ഞു.
ചെയര്‍പേഴ്സന്റെയും വൈസ് ചെയര്‍മാന്റെയും രാജിയോടെ കോട്ടക്കലില്‍ പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. എല്‍.ഡി.എഫ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ശരിയായിരുന്നുെവന്നാണ് വെളിവായത്. കോട്ടക്കല്‍ നഗരസഭയിലെ വികസനമുരടിപ്പിന് മുസ്ലിം ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം.
മുന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ വലിയ അഴിമതിയാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്നത്. അഴിമതിക്ക് കൂട്ട് നില്ക്കാത്തതു കൊണ്ടാണോ അഴിമതി വിഹിതം യഥാസമയം കൊടുക്കാത്തതാണോ തര്‍ക്കത്തിനും രാജിക്കും കാരണമെന്ന് ചെയര്പേഴ്സൻ വ്യക്തമാക്കണം.
കൗണ്‍സിലര്‍മാരായ വി. സരളദേവി, കെ. ദിനേഷ്, മുഹമ്മദ് ഹനീഫ, യു. രാഗിണി, സനില പ്രവീണ്‍, അടാട്ടില്‍ റഷീദ, സറീന സുബൈര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.