കോട്ടക്കൽ (മലപ്പുറം): ഉദ്ഘാടനത്തിനൊരുങ്ങുന്ന കോട്ടക്കൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിലെ വാടക മുറികളുമായി ബന്ധപ്പെട്ട് ഉയരുന്നത് വൻ അഴിമതിയെന്ന് ആരോപണം. അംഗപരിമിതിയെ തുടർന്ന് സർക്കാർ ആനുകൂല്യം വഴി ലഭിച്ച ഗൃഹനാഥന്‍റെ വാച്ച് റിപ്പയറിങ് ഷോപ്പ് കോട്ടക്കലിലെ മുസ്ലിം ലീഗ് നേതാക്കൾ സ്വന്തം പേരിലേക്ക് മാറ്റിയതായാണ് പരാതി. തുടർന്ന് മുഖ്യമന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി എന്നിവർക്ക് ഇ-മെയിൽ വഴി പരാതി അയച്ചു.
15 വർഷമായി ജീവിത വരുമാനം കണ്ടെത്തിയിരുന്ന കോട്ടക്കൽ നെല്ലിക്കപ്പറമ്പ് തൈക്കാടൻ മുഹമ്മദ് കുട്ടിയും (52) കുടുംബവുമാണ് ഇതോടെ പെരുവഴിയിലായത്. ഇരുകാലുകൾക്കും ജന്മനായുള്ള വൈകല്യത്തെ തുടർന്ന് കോട്ടക്കൽ ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് അനുവദിച്ച് കിട്ടിയതാണ് ബസ് സ്റ്റാൻഡിലെ ചെറിയ മുറി. മുച്ചക്രവാഹനം ഓടിച്ചാണ് വരവും പോക്കും.
2013-14ൽ സ്വന്തമായി ലൈസൻസ് ലഭിച്ചതോടെ കടയിൽ ലഭിക്കുന്ന തുച്ചവരുമാനത്തിലായിരുന്നു ജീവിതം മുന്നോട്ടുപോയത്. എന്നാൽ, കാര്യങ്ങളെല്ലാം കൈവിട്ടുപോയത് ബസ് സ്റ്റാൻഡ് നിർമാണ പ്രവർത്തനങ്ങളോടെയായിരുന്നു. നിലവിലെ റിപ്പയറിങ് ഷോപ് നിലനിൽക്കണമെങ്കിൽ 15 ലക്ഷം രൂപ അടക്കണമെന്ന ആവശ്യവുമായി ആദ്യമെത്തിയത് മുൻ വാർഡ് കൗൺസിലറായിരുന്ന മുസ്ലിം ലീഗ് നേതാവായിരുന്നെന്ന് കുടുംബം പറയുന്നു.
നിർമാണ പ്രവൃത്തികൾക്ക് മുമ്പുതന്നെ പണമടക്കണമെന്നായിരുന്നു ആവശ്യം. മൂന്ന് ഗഡുവായി അടക്കണമെന്നും ഫണ്ട് പാർട്ടി അടക്കുമെന്നുമായിരുന്നു വാഗ്ദാനം. പാർട്ടിയെന്ന് പറയുന്നത് താൻ വിശ്വസിക്കുന്ന മുസ്ലിം ലീഗാണെന്നായിരുന്നു മുഹമ്മദ് കുട്ടിയുടെ വിശ്വാസം. ഇതോടെ ഒന്നും എഴുതാത്ത പേപ്പറുകളിൽ ഒന്നിൽ കൂടുതൽ ഒപ്പിട്ടു നൽകിയതോടെ പണം അക്കൗണ്ടിൽ വന്നു. ചെക്ക് ലീഫ് നഗരസഭ ഓഫിസിലും കൊടുത്തു.
എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. വാർഡ് ലീഗ് പ്രാദേശിക നേതാവുമായി പങ്ക് കച്ചവടം നടത്തിയിരുന്നതായും അനോരാഗ്യം കാരണം പങ്ക് കച്ചവടത്തിൽനിന്ന് ഒഴിവാകുന്നെന്നും ലീഗ് പ്രാദേശിക നേതാവിന്‍റെ പേരിൽ ലൈസൻസ് മാറ്റം വരുത്തി നൽകണമെന്നും കാണിച്ച് നൽകിയ അപേക്ഷക്ക് മറുപടി വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി അറിയുന്നതെന്ന് മുഹമ്മദ് കുട്ടി പറയുന്നു. ഒരിക്കൽ പോലും തന്‍റെ കടയിൽ വരാത്ത ആളാണ് ഇദ്ദേഹമെന്നും മുഹമ്മദ് കുട്ടി പറയുന്നു.
അംഗപരിമിതിയെ തുടർന്ന് ലഭിച്ച സ്ഥാപനം ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ചുനൽകണമെന്നും ക്രയവിക്രയം പാടില്ലെന്നും ലൈസൻസ് മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുകയോ ഈ ലൈസൻസ് ഉപയോഗപ്പെടുത്തി മറ്റൊരു സ്ഥലത്ത് പ്രവർത്തനം നടത്തുകയോ ചെയ്യാൻ പാടില്ല എന്നുമുള്ള നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മുൻ ജനപ്രതിനിധിയും ലീഗ് നേതാവും സ്ഥാപനം കൈവശപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരിലാക്കി മാറ്റിയതോടെ പത്തുലക്ഷം രൂപയാണ് കുടുംബത്തിന് ഇവർ നൽകിയത്.
കോടികൾ ലേലത്തിന് പോകുന്ന കോംപ്ലക്സിലാണ് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷ തല്ലിക്കെടുത്തിയിരിക്കുന്നത്. നഗരസഭ അധികൃതരുടെ അറിയിപ്പ് കിട്ടിയതോടെ കാര്യമന്വേഷിച്ചെത്തിയ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ പറഞ്ഞു. ബസ് സ്റ്റാൻഡ് കെട്ടിടത്തോട് ചേർന്ന് ചെറിയ ബൂത്ത് സൗകര്യമൊരുക്കി തരാമെന്ന് ഇവർ വാഗ്ദാനം നൽകിയിരുന്നെന്ന് ഖദീജ പറയുന്നു.
മാനസിക പ്രയാസങ്ങൾ നേരിടുന്ന സഹോദരിയും ഭാര്യയും മക്കളും മരുമകളും പേരമക്കളുമടങ്ങുന്ന ആറുപേരുടെ അന്നദാതാവായ മുഹമ്മദ് കുട്ടിക്ക് ഒരിക്കലും നൽകാൻ കഴിയാത്ത പണം ആവശ്യപ്പെടുകയായിരുന്നു നേതാക്കൾ. ഒടുവിൽ സ്ഥാപനം വിറ്റുവെന്ന ധാരണ പ്രകാരം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. കുടുംബത്തിന്‍റെ ദുരവസ്ഥ മനസ്സിലാക്കിയ മുജാഹിദ് പള്ളി കമ്മിറ്റിയാണ് അഞ്ചു സെന്‍റ് ഭൂമിയിൽ ഇവർക്ക് വീട് നിർമിച്ചുനൽകിയത്.
ഈ വീടിന് കടബാധ്യതയുണ്ടെന്നും ഇത് വീട്ടാനാണ് പത്തുലക്ഷം വാങ്ങിയതെന്നും കോട്ടക്കലിലെ മുസ്ലിം ലീഗ് നേതാക്കളോട് പറയണമെന്ന് മുൻ കൗൺസിലർ ആവശ്യപ്പെട്ടതായും മുഹമ്മദ് കുട്ടിയുടെ മകൻ ഇസ്മായിൽ പറഞ്ഞു. ആകെയുള്ള സ്ഥിരവരുമാനം ഇല്ലാതാക്കിയതോടെ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി നഷ്ടപ്പെട്ട സ്ഥാപനം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് ഈ നിർധന കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.