കോട്ടക്കൽ: സ്വന്തം വോട്ടർമാരുടെ ആവശ്യങ്ങൾ നേരിട്ടറിയാൻ 'ഗൃഹസന്ദർശനം' പൂർത്തിയാക്കിയിരിക്കുകയാണ് എടരിക്കോട് പഞ്ചായത് എട്ടാം വാർഡ് അംഗം അബ്ദുൽ മജീദ് കഴുങ്ങിൽ. കഴിഞ്ഞ ജനുവരി 13നാണ് വേറിട്ട ഒരു ആശയത്തിന് ഇദ്ദേഹം തുടക്കം കുറിച്ചത്.
ദിവസവും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും. വീടുകളുടെ മേൽവിലാസമുള്ള ഡയറിയും ഒപ്പമുണ്ടാകും. തുടർന്ന് നേതാക്കൾക്കും നാട്ടുകാർക്കുമൊപ്പം വീടുകളിലേക്ക്. കുടുംബാംഗങ്ങളുടെ പേരുവിവരങ്ങളും ജോലിയും തുടങ്ങി എല്ലാ വിവരങ്ങളും ഡയറിയിൽ എഴുതിച്ചേർക്കും.
ഇതിനകം 528 വീടുകളിലെ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു. പഞ്ചായത്ത് ആനുകൂല്യങ്ങൾ വാർഡിൽ ഉള്ളവർക്ക് ലഭ്യമാക്കുക എന്നതിനൊപ്പം പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഗൃഹസന്ദർശനത്തിന് തുടക്കമിട്ടതെന്ന് ഇദ്ദേഹം പറയുന്നു.
കോൺഗ്രസ് മെംബർ കൂടിയായ മജീദിന് നേതൃത്വം പൂർണ പിന്തുണ നൽകിയതോടെ പിന്നൊന്നും ആലോചിച്ചില്ല. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മെംബറുടെ പുതിയ പദ്ധതി ഇതിനകം ഹിറ്റായി. വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചും ഏതു സമയത്തും ബന്ധപ്പെടാൻ വിസിറ്റിങ് കാർഡുകൾ നൽകിയുമായിരുന്നു തുടക്കം.
ഗൃഹസന്ദർശന സമാപനം കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറമ്പിലങ്ങാടിയിൽ വള്ളിക്കാടൻ മൊയ്ദീന്റെ വസതിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ അധ്യക്ഷത വഹിച്ചു. സുധീഷ് പള്ളിപ്പുറത്ത് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുബ്രഹ്മണ്യൻ പുതുപറമ്പിൽ, ആബിദ പൂവഞ്ചേരി, സി. ആസാദ്, കെ.വി. നിഷാദ്, വി.ടി. സുബൈർ തങ്ങൾ, ബിനോജ്, റാഫി പതിയിൽ, സൂപ്പി കഴുങ്ങിൽ, ചെറിയാവ പൂവഞ്ചേരി, ജസ്റ്റിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു. മങ്ങാടൻ അബ്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.