കോട്ടക്കല്‍: പുതുവര്‍ഷത്തില്‍ പുത്തന്‍ ഓട്ടോറിക്ഷ ലഭിച്ചതില്‍ വ്യവസായി എം.എ. യൂസഫലിയോട് നന്ദി പറയുകയാണ് ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ പന്തപ്പിലാന്‍ ഹംസയും കുടുംബവും. കഴിഞ്ഞ നാലിനാണ് ഓട്ടോ ഡ്രൈവറായ ഹംസയുടെ ദുരിതജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. കോട്ടക്കലില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന പാണക്കാട് ഹൈദരലി തങ്ങളെ കാണാനെത്തിയതായിരുന്നു എം.എ. യൂസഫലി.
ഇവര്‍ക്ക് നല്‍കാനുള്ള ഇളനീരുമായി അല്‍ഷാഫി ആയുര്‍വേദ ആശുപത്രിയില്‍ വന്നതായിരുന്നു ഹംസ. ഇതിനിടെ എം.എ. യൂസഫലിയെ റോഡരികില്‍ നിന്ന് ഒരു നോക്ക് കാണണം, പറ്റുമെങ്കില്‍ തന്റെ പ്രയാസങ്ങള്‍ പറയണം. ഇതുമാത്രമായിരുന്നു ഹംസയുടെ ഉദ്ദേശ്യം. എന്നാല്‍, വാഹനം നിര്‍ത്തി അടുത്തേക്ക് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു യൂസഫലി.
27 വര്‍ഷമായി ഓട്ടോ തൊഴിലാളിയാണ്. ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും 17 വര്‍ഷം പഴക്കമുള്ള ഓട്ടോ മാറ്റി വേറെ വാങ്ങാന്‍ സഹായിക്കണമെന്നുമായിരുന്നു ഹംസ ആവശ്യപ്പെട്ടത്. ശരിയാക്കാമെന്ന് യൂസഫലിയുടെ ഉറപ്പ്.
തുരുമ്പെടുത്ത ഓട്ടോറിക്ഷക്ക് പകരം പുതിയ ഓട്ടോറിക്ഷ സ്വപ്നം കണ്ട ഹംസക്ക് മുന്നില്‍ കൃത്യം ഒമ്പത് ദിവസത്തിനുള്ളില്‍ മറ്റത്തൂരിലെ വീട്ടുപടിക്കലേക്ക് പുതിയ ഓട്ടോറിക്ഷയെത്തി. യൂസഫലിയ്ക്ക് വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, നൗഫല്‍ കരീം എന്നിവരാണ് വാഹനം കൈമാറിയത്. ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ് ഹംസയും ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.