കോട്ടക്കൽ: ഫെബ്രുവരി 22ന് കോട്ടക്കൽ നഗരസഭയിലെ രണ്ട്, 14 വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയപരിധിക്ക് മണിക്കൂറുകൾക്ക് മുമ്പ് നാടകീയ നീക്കവുമായി എൽ.ഡി.എഫ്. നിലവിലെ സ്ഥാനാർഥിയെ പിൻവലിച്ച് പകരം നോമിനിയായി പത്രിക സമർപ്പിച്ചയാൾ സ്ഥാനാർഥിയായി.
വാർഡ് രണ്ടായ ചുണ്ടയിൽ ഇതോടെ ടി. സജ്നക്ക് പകരം റുഖിയ റഹീം ജനവിധി തേടും. പതിനാലാം വാർഡിൽ പുതുമുഖങ്ങളായ യു.ഡി.എഫിലെ ഷഹാന ഷഫീർ (മുസ്ലിം ലീഗ്), എൽ.ഡി.എഫിലെ ചെരട റഹീമ സെറിനുമാണ് സ്ഥാനാർഥികൾ.
റുഖിയ റഹീം ഇടതുസ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അബ്ദു റഹ്മാന്റെ ഭാര്യയാണ്. കുടയാണ് ചിഹ്നം. യു.ഡി.എഫിനായി മുസ്ലിം ലീഗിലെ നഷ് വ ഷാഹിദാണ് മത്സരിക്കുന്നത്. ചിഹ്നം കോണി.
കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർഥി ഷാഹിദ നസീർ മാടക്കനും ഇത്തവണ മത്സര രംഗത്തുണ്ട്. കണ്ണടയാണ് ചിഹ്നം. കഴിഞ്ഞ തവണ സജ്നയും ഷാഹിദയും മത്സര രംഗത്തുണ്ടായിരുന്നു. ലീഗിലെ ഷാഹില സജാസ് 152 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് ഷാഹിദയായിരുന്നു. വാർഡിൽ 1086 വോട്ടർമാരാണുള്ളത്. കൂടുതൽ വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർഥിയെ മാറ്റിയതെന്നാണ് എൽ.ഡി.എഫിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.